സജി ചെറിയാന്‍ Source : Facebook
KERALA

"ഹേമ കമ്മിറ്റി രൂപീകരിച്ചത് മുഖ്യമന്ത്രി മുന്‍കൈ എടുത്ത്"; ഇതൊന്നും അറിയാത്ത ആളുകളല്ല പ്രതികരിക്കുന്നതെന്ന് സജി ചെറിയാന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേണ്ട നടപടികളെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Author : ന്യൂസ് ഡെസ്ക്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വിഷയത്തില്‍ വിശദമായി മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ച് മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട്ടിനെ കുറിച്ച് തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണ് പലരും പറഞ്ഞു കൊണ്ടിരിക്കുന്നതെന്നാണ് മന്ത്രി പറയുന്നത്. മുഖ്യമന്ത്രി മുന്‍കൈ എടുത്താണ് ഹേമ കമ്മിറ്റി രൂപീകരിച്ചെന്നും സജി ചെറിയാന്‍ പറഞ്ഞു.

സിനിമാ നയം വരുന്നതും നിയമ നിര്‍മാണം നടത്തുന്നതും അടുത്ത മാസം കോണ്‍ക്ലേവ് തീരുമാനിച്ചതും എല്ലാം റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ഭാഗമാണ്. ഇതൊന്നും അറിയാത്ത ആളുകളല്ല ചില കമന്റുകള്‍ പറയുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേണ്ട നടപടികളെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം നടി പാര്‍വതി തിരുവോത്ത് സമൂഹമാധ്യമത്തിലൂടെ ഹേമ കമ്മിറ്റി വിഷയത്തില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള കേസുകള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ആയിരുന്നു നടിയുടെ പ്രതികരണം. കമ്മിറ്റി രൂപീകരിക്കാനിടയായ യഥാര്‍ഥ കാരണങ്ങളില്‍ ഇനി ശ്രദ്ധ കേന്ദ്രീകരിക്കാമല്ലോ എന്നായിരുന്നു പാര്‍വതിയുടെ ചോദ്യം.

"ഇനി ഈ കമ്മിറ്റി രൂപീകരിക്കാനിടയായ ശരിയായ കാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാമല്ലേ? സിനിമാ മേഖലയില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനായി നയങ്ങള്‍ രൂപീകരിക്കുക എന്നതായിരുന്നല്ലോ ലക്ഷ്യം? അതിനെന്തുപറ്റി? റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് അഞ്ചര വര്‍ഷമല്ലേ ആയിട്ടുള്ളൂ, ഒരു തിരക്കുമില്ല," എന്നാണ് പാര്‍വതി കുറിച്ചത്. മുഖ്യമന്ത്രിയെ ടാഗ് ചെയ്തായിരുന്നു പാര്‍വതിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

പാർവതി തിരുവോത്തിന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി

അതേസമയം ഹേമാ കമ്മിറ്റി മുന്‍പാകെ മൊഴി നല്‍കിയവരാരും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് കാട്ടിയാണ് പൊലീസ് കേസുകള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. മൊഴി ആവശ്യപ്പെട്ട് കോടതി വഴി പൊലീസ് നോട്ടീസ് അയച്ചിരുന്നു. നോട്ടീസിനും മറുപടി നല്‍കിയില്ലെങ്കില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി ഈ മാസം അവസാനം കോടതിയില്‍ അറിയിക്കും. എന്നാല്‍, പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസുകള്‍ തുടരാനാണ് പൊലീസിന്റെ തീരുമാനം.

SCROLL FOR NEXT