KERALA

ആനക്കാംപൊയില്‍–കള്ളാടി–മേപ്പാടി തുരങ്കപാത: പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31ന് മുഖ്യമന്ത്രി നിർവഹിക്കും

മുഖ്യമന്ത്രി നേരിട്ട് അവലോകനം ചെയ്യുന്ന 30 പദ്ധതികളിൽ ഒന്നാണ് തുരങ്കപാത പദ്ധതി

Author : ന്യൂസ് ഡെസ്ക്

കേരളത്തിൻ്റെ സ്വപ്‍ന പദ്ധതിയായ ആനക്കാംപൊയില്‍–കള്ളാടി–മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31ന് നടക്കും. ആനക്കാംപൊയിൽ സെൻ്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിക്കുക. ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കുന്നതിന് വേണ്ടി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു.

തുരങ്കപാത പ്രവൃത്തി ഉദ്ഘാടനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഇന്നലെ വൈകീട്ട് ആനക്കാംപൊയിൽ പാരിഷ് ഹാളിൽ ലിൻ്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. തുരങ്കപാത ജനങ്ങളുടെ നൂറ്റാണ്ടുകളായ ആവശ്യമാണെന്നും പദ്ധതിയെ തകർക്കാനുള്ള എല്ലാ ശ്രമങ്ങളെയും അതിജീവിച്ച് പ്രവൃത്തി ഉദ്ഘാടനത്തിലേക്ക് കടക്കുകയാണെന്നും എംഎൽഎ പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് അവലോകനം ചെയ്യുന്ന 30 പദ്ധതികളിൽ ഒന്നാണ് തുരങ്കപാത പദ്ധതി.

ലിന്റോ ജോസഫ് എംഎൽഎ ചെയർമാനും, ടി. വിശ്വനാഥൻ കൺവീനറുമായ 501 അംഗ കമ്മറ്റിയാണ് രൂപീകരിച്ചത്. 13 സബ് കമ്മറ്റികളും രൂപീകരിച്ചിട്ടുണ്ട്. വയനാട് മേപ്പാടിയിൽ അവസാനിക്കുന്ന തുരങ്കപാത വയനാട്ടിലേക്കുള്ള ടൂറിസം സാധ്യതകളും വർധിപ്പിക്കുമെന്നാണ് കരുതുന്നത്. വയനാട്ടിലേക്കുള്ള ബദൽ പാത എന്ന നിലയിൽ കൂടി തുരങ്കപാതയെ ഉപയോഗപ്പെടുത്താനാവും.

SCROLL FOR NEXT