Source: News Malayalam 24X7
KERALA

വേദിയൊരുക്കി കേരളം; സാക്ഷിയായി എം.വി. ഗോവിന്ദൻ ഉൾപ്പെടെ പ്രമുഖർ, കുംഭമേളയിലെ വൈറൽ താരം മൊണാലിസ വിവാഹിതയായി

മൊണാലിസയുടെ കുടുംബത്തിൽ നിന്നുള്ള എതിർപ്പുകൾ കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ താരമായ സുന്ദരി മൊണാലിസയ്ക്ക് വിവാഹ വേദിയൊരുക്കി കേരളം. ഇന്ന് വൈകീട്ട് ആറുമണിയോടെ അരുമാനൂര്‍ ശ്രീ നയിനാര്‍ ദേവ ക്ഷേത്രത്തില്‍ വച്ചാണ് മൊണാലിസയും കാമുകൻ ഫർഹാനും വിവാഹിതരായത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ.എ. റഹീം തുടങ്ങി പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തിരുന്നു.

മൊണാലിസയുടെ കുടുംബത്തിൽ നിന്നുള്ള എതിർപ്പുകൾ കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നു. കേരളത്തില്‍ ജീവിക്കാനാണ് തങ്ങള്‍ ഇഷ്ടപ്പെടുന്നതെന്നും ഉടനെ ഇന്‍ഡോറിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിവാഹിതരായ ശേഷം ഇരുവരും പറഞ്ഞു. അച്ഛനിൽ നിന്ന് രക്ഷിക്കണമെന്ന പരാതിയുമായാണ് മൊണാലിസ തിരുവനന്തപുരത്ത് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടിയത്.

വീട്ടുകാർ പ്രണയം എതിർത്തതോടെയാണ് കാമുകനോടൊപ്പം മൊണാലിസ ഭോസ്‌ലെ കേരളത്തിലെത്തിയത്. ഒന്നര വര്‍ഷം മുമ്പാണ് മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശിയായ മൊണാലിസയും മഹാരാഷ്ട്ര സ്വദേശി ഫര്‍ഹാനും ഫേസ്ബുക്ക് വഴി പ്രണയത്തിലാകുന്നത്. വീട്ടുകാർ എതിർത്തതോടെ ഇരുവർക്കും ഒരുമിച്ച് ജീവിക്കാൻ മറ്റ് വഴികൾ ഇല്ലാതെയായി. തുടര്‍ന്ന് പൂവാറിൽ സിനിമാ ഷൂട്ടിങ്ങിനെത്തിയ മൊണാലിസയുമായി മഹാരാഷ്ട്ര സ്വദേശി ഫർമാന്‍ തമ്പാനൂര്‍ സ്റ്റേഷനിലെത്തുകയായിരുന്നു.

തന്റെ അച്ഛൻ മറ്റൊരു വിവാഹം ആലോചിക്കുന്നുണ്ടെന്നും, എന്നാൽ ഇതരമതസ്ഥനായ ഫർമാനൊപ്പം ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മൊണാലിസ പൊലീസിനോട് വെളിപ്പെടുത്തി. രാജ്യത്തെ പലയിടങ്ങളിലും തങ്ങളുടെ ബന്ധത്തിന് വലിയ എതിർപ്പുകൾ നേരിടേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാലാണ് സുരക്ഷിതമായ ഇടമെന്ന നിലയിൽ കേരളത്തിൽ അഭയം തേടിയതെന്ന് ഇരുവരും പൊലീസിനെ അറിയിച്ചു.

ഇതോടെ മൊണാലിസയുടെ പിതാവ് ജയ് സിങ് ഭോസ്‌ലയെ തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. മോണാലിസയ്ക്ക് 18 വയസ് പൂർത്തിയായ സാഹചര്യത്തിൽ, സ്വന്തം ഇഷ്ടപ്രകാരം ആരെ വിവാഹം കഴിക്കണമെന്നും ആർക്കൊപ്പം ജീവിക്കണമെന്നും തീരുമാനിക്കാനുള്ള നിയമപരമായ അവകാശം അവർക്കുണ്ടെന്ന് പൊലീസ് വീട്ടുകാരെ ബോധ്യപ്പെടുത്തി.

മഹാകുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ പെൺകുട്ടിയാണ് മൊണാലിസ ഭോസ്‌ലെ. പ്രയാഗ്‌രാജിലെ കുംഭമേളയിൽ രുദ്രാക്ഷ മാലകൾ വിറ്റിരുന്ന മൊണാലിസയുടെ വീഡിയോ വൈറലായതോടെയാണ് ലോകശ്രദ്ധ നേടിയത്. പ്രശസ്തി ഉപദ്രവമായി മാറിയപ്പോൾ, അച്ഛൻ അവളെ സ്വന്തം നാടായ ഇൻഡോറിലേക്ക് പറഞ്ഞുവിടുകയും ചെയ്തിരുന്നു. പിന്നാലെ സിനിമാ അവസരങ്ങളും മൊണാലിസയെ തേടിയെത്തി.

SCROLL FOR NEXT