KERALA

ഉദ്ഘാടനം കഴിഞ്ഞിട്ട് ആറ് മാസം, തുറക്കാതെ തൃക്കരിപ്പൂരിലെ മൾട്ടിപർപ്പസ് സ്റ്റേഡിയം; നിർമാണത്തിൽ അപാകതയെന്ന് സന്ദീപ് വാര്യർ എംഎൽഎ

യുഡിഎഫ് ഭരണത്തിന് നൂറാം ദിനം പിന്നിടുമ്പോഴും സ്റ്റേഡിയം തുറക്കുന്നത് സംബന്ധിച്ച് തീരുമാനമില്ല.

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: ഉദ്ഘാടനം കഴിഞ്ഞ് ആറ് മാസം പിന്നിട്ടിട്ടും കോടികൾ മുടക്കി നിർമിച്ച തൃക്കരിപ്പൂർ നടക്കാവിലെ മൾട്ടിപർപ്പസ് സ്റ്റേഡിയം കോംപ്ലക്സ് അടഞ്ഞുകിടക്കുന്നു. തൃക്കരിപ്പൂർ നടക്കാവ് വലിയ കൊവ്വൽ മൈതാനിയിൽ ഗ്രാമ പഞ്ചായത്ത് കൈമാറിയ ആറര ഏക്കർ ഭൂമിയിൽ മൂന്ന് ഏക്കറിലാണ് സ്റ്റേഡിയം സ്ഥാപിച്ചിട്ടുള്ളത്. 29 കോടി ചെലവഴിച്ച സ്റ്റേഡിയം 2026 ഫെബ്രുവരിയിലാണ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. യുഡിഎഫ് ഭരണത്തിന് നൂറാം ദിനം പിന്നിടുമ്പോഴും സ്റ്റേഡിയം തുറക്കുന്നത് സംബന്ധിച്ച് തീരുമാനമില്ല.

നിലവിലുള്ള ടർഫിന് പടിഞ്ഞാറും കിഴക്കും സിന്തറ്റിക്ക് ഭാഗങ്ങളിലായി പണിയുന്ന സ്റ്റേഡിയം എല്ലാ കായിക വിനോദങ്ങൾക്കായും ഒരു കുടകീഴിൽ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യമിട്ടാണ് നിർമ്മിച്ചത്. ബാസ്‌കറ്റ്‌ബോൾ, വോളിബോൾ, കബഡി, ടേബിൾ ടെന്നീസ് തുടങ്ങിയ വിഭാഗത്തിന് പ്രത്യേകം സൗകര്യം സ്റ്റേഡിയത്തിലുണ്ടാകുന്ന തരത്തിലാണ് നിർമാണം പൂർത്തിയാക്കായിട്ടുള്ളത്. സിന്തറ്റിക്ക് ടർഫ് ഇതിനോട് ചേർന്നായതിനാൽ അവിടെ ഫുട്‌ബോൾ മത്സരങ്ങൾക്കും പരിശീലനത്തിനും വേദിയാകുമെന്നുമായിരുന്നു അന്നുണ്ടായിരുന്നു പ്രഖ്യാപനം. പക്ഷേ ഉദ്ഘാടനം കഴിഞ്ഞ് ആറ് മാസങ്ങൾ കഴിഞ്ഞിട്ടും ഒന്നും നടന്നില്ല.

സ്വിമ്മിംഗ് പൂളും ഉന്നത നിലവാരത്തിലുള്ള കൺവെൻഷൻ സെന്ററും എന്നായിരുന്നു പദ്ധതിയിലാദ്യം. ഇത് പിന്നീട് ഇൻഡോർ സ്‌റ്റേഡിയത്തിലും സ്വിമ്മിംഗ് പൂളിലും ഓഫീസ് സമുച്ചയങ്ങളിലും ഒതുങ്ങി. ആറു വർഷങ്ങൾക്ക് ശേഷം തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ധൃതിപിടിച്ച് ഭാഗികമായി നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുൻ സർക്കാർ എന്നും നിർമാണത്തിലെ ഗുണനിലവാരം സംബന്ധിച്ച് ഗുരുതര വീഴ്ച്ചയുണ്ടായിട്ടുണ്ടെന്നും പദ്ധതിയുടെ നിർമാണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും ഇതുൾപ്പടെ സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ പറഞ്ഞു.

സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട് സ്ഥലം എംഎൽഎ തന്നെ മുഖ്യമന്ത്രിക്ക് പരാതി നൽകിയ സാഹചര്യത്തിൽ നിയമസഭാ യുവജനകാര്യ കമ്മിറ്റി സെപ്റ്റംബറിൽ സ്‌റ്റേഡിയം പരിശോധനയ്ക്കെത്തും. സെപ്റ്റംബർ ഏഴിന് സ്‌റ്റേഡിയത്തിൽ എത്തുന്ന എം എൽ എമാരുടെ സംഘത്തിൽ നിർമ്മാണ വിധഗ്ദരും ഉണ്ടാവും. സ്‌റ്റേഡിയത്തിന് പലതരത്തിലുള്ള ഫിറ്റ്നസും ലഭിക്കാതെയാണ് ഉദ്ഘാടനം നടത്തിയതെന്ന് ആരോപണവും സംഘം പരിശോധിക്കും.

SCROLL FOR NEXT