KERALA

'മിന്നൽ മാജിക്'... കേരള സർക്കാരിൻ്റെ ബ്രാൻഡിക്ക് പേരായി; ഒരു മാസത്തിനകം ബെവ്കോ ഔട്ട്ലെറ്റിലെത്തും

നേരത്തെ 'മലബാർ മിസ്റ്ററി' എന്നായിരുന്നു മദ്യത്തിന് ഇടാൻ വച്ചിരുന്ന പേര്

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: മലബാർ ഡിസ്റ്റിലറീസ് വിപണിയിലിറക്കുന്ന ബ്രാൻഡി മദ്യത്തിന് പുതിയ പേര്. 'മിന്നൽ മാജിക്' എന്നാണ് ബ്രാൻഡി മദ്യത്തിന്റെ പുതിയ പേര്. ഇന്ന് പാലക്കാട് നടക്കുന്ന മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാൻ്റ് ഉദ്ഘാടന ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് പേര് പ്രഖ്യാപിക്കും. നേരത്തെ മലബാർ മിസ്റ്ററി എന്നായിരുന്നു മദ്യത്തിന് ഇടാൻ വച്ചിരുന്ന പേര്. ഇതുമാറ്റിയാണ് ഇപ്പോൾ 'മിന്നൽ മാജിക്' എന്നാക്കിയത്. ഒരു മാസത്തിനകം മിന്നൽ മാജിക് ബെവ്കോ ഔട്ട്ലെറ്റിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

'മിന്നൽ മാജിക്' അര ലിറ്റർ ബോട്ടിലാകും ആദ്യം വിപണിയിലെത്തുക. സർക്കാർ മദ്യമായ ജവാൻ പോലെ തന്നെ താരതമ്യേന വില കുറഞ്ഞതാകും പുതിയ മദ്യവും. പാലക്കാട് പ്രവർത്തനം ആരംഭിക്കുന്ന പ്ലാൻ്റിൽ ദിവസവും 1,08,000 ലിറ്റർ മദ്യം ഉത്പാദിപ്പിക്കാനാകും.

നേരത്തെ ബെവ്കോ സമൂഹ മാധ്യമങ്ങളിലൂടെ പൊതുജനങ്ങളിൽ നിന്നായി പേരുകൾ ക്ഷണിച്ചപ്പോൾ നാൽ‌പതിനായിരത്തോളം നിർദേശങ്ങളാണ് ലഭിച്ചത്. എന്നാൽ ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ ഈ പേരുകൾ പരിഗണിക്കാൻ സാധിക്കാതെ വന്നിരുന്നു. ഇതോടെയാണ് വകുപ്പ് തന്നെ പേര് നിർദേശിച്ചത്.

SCROLL FOR NEXT