ടാറിൻ്റെ വില കുത്തനെ ഉയർന്നു 
KERALA

ടാറിൻ്റെ വില കുത്തനെ ഉയർന്നു; റോഡ് നിർമാണ പ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ

ടാർ വില വർധനയ്ക്ക് ആനുപാതികമായി ടെൻഡർ നിരക്ക് പരിഷ്കരിക്കണമെന്നാണ് കരാറുകാരുടെ ആവശ്യം.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് നിർമാണത്തിന് ഉപയോഗിക്കുന്ന ടാറിൻ്റെ വില കുത്തനെ ഉയർന്നതോടെ റോഡ് നിർമാണ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായി. ടെൻഡർ നടപടികൾ പൂർത്തിയാക്കിയ പല റോഡുകളുടെയും നിർമാണം പോലും നിലവിലെ നിരക്കിൽ മുന്നോട്ടു കൊണ്ടു പോകാനാകാത്ത സ്ഥിതിയാണ് ഉള്ളത്. ടാർ വില വർധനയ്ക്ക് ആനുപാതികമായി ടെൻഡർ നിരക്ക് പരിഷ്കരിക്കണമെന്നാണ് കരാറുകാരുടെ ആവശ്യം.

പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് പെട്രോളിയം ഉൽപ്പന്നമായ ടാറിൻ്റെ വിലയും കുത്തനെ കൂടുകയായിരുന്നു. നിർമാണച്ചെലവിനൊപ്പം ടാറിൻ്റെ വിലയും ഉയർന്നതോടെ പല കരാർ ജോലികളും പ്രതിസന്ധിയിലായി. മാസങ്ങളായി ഇരട്ടിയിലേറെ നിരക്കാണ് കോൺട്രാക്ടർമാരിൽ നിന്ന് ഈടാക്കിയിരുന്നത്. നിലവിലെ നിരക്കിൽ നിർമാണം തുടരുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് ഗവൺമെൻ്റ് കോൺട്രാക്ടർസ് അസോസിയേഷൻ സംഘടന ചൂണ്ടിക്കാട്ടുന്നത്.

ടണ്ണിന് 75,000 രൂപയായിരുന്ന ടാറിൻ്റെ വില ഇപ്പോൾ 90000ത്തിൽ എത്തി. നിർമാണ ആവശ്യങ്ങൾക്കനുസരിച്ച് ടാറിൻ്റെ വിലയും കൂടുന്ന സ്ഥിതിയാണ് ഉള്ളത്. മറ്റ് സാമഗ്രികളുടെ വിലയും ഗതാഗതച്ചെലവും ഉൾപ്പെടെ റോഡ് നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

ടെൻഡർ ചെയ്ത പല പദ്ധതികളും മുന്നോട്ട് കൊണ്ടു പോകുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് കരാറുകാർ പറയുന്നു. കേരളത്തിലെ ക്വാറികൾ പൂർണ തോതിൽ പ്രവർത്തിക്കാത്തത് നിർമാണ മേഖലയെ ബാധിക്കുന്നുണ്ട്. പ്രശ്ന പരിഹാരത്തിനായി സർക്കാർ തലത്തിൽ നടത്തിയ ചർച്ചകളിൽ ഉടൻ തീരുമാനം ഉണ്ടാക്കണമെന്നാണ് ആവശ്യം.

SCROLL FOR NEXT