ANI
KERALA

കള്ളാടിയിൽ ഇന്നും തിരച്ചിൽ തുടരും; മണ്ണ് നീക്കുന്നതിൽ റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധ സമിതി

അപകട കാരണം കണ്ടെത്താൻ കൊങ്കൺ റെയിൽവേ കോർപ്പറേഷൻ നിയോഗിച്ച ഡ‌ൽഹിയിൽ നിന്നുള്ള വിദഗ്ധ സംഘവും ഇന്ന് വയനാട്ടിൽ എത്തിയേക്കും

Author : ന്യൂസ് ഡെസ്ക്

വയനാട്: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ ഹിമാചൽ പ്രദേശ് സ്വദേശി വിക്രം റാണക്കായി അഞ്ചാം ദിനമായ ഇന്നും തിരച്ചിൽ തുടരും. രണ്ടാം സോൺ കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചിൽ. അപകടത്തിൽ കാണാതായ 8 പേരിൽ കൺസ്ട്രക്ഷൻ മാനേജറായ വിക്രം റാണയെ മാത്രമാണ് ഇനി കണ്ടെത്താനുള്ളത്. ഇന്നലെ നടത്തിയ തിരച്ചിലിൽ പശ്ചിമ ബംഗാൾ സ്വദേശി രാകേഷ് ഗുച്ചൈതിൻ്റെ മൃതദേഹം കണ്ടെത്തിയിരുന്നു.

അതേസമയം, വയനാട് തുരങ്ക പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കുന്നതില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതി നിയോ​ഗിച്ചു. മണ്ണ് ഏത് വിധത്തില്‍ നീക്കം ചെയ്യണമെന്നതിനെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മൂന്നംഗ വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പൊതുമരാമത്ത് മന്ത്രിയും നടത്തിയ കൂടിക്കാഴ്ചയിലാണ് സമിതിയെ നിയോഗിക്കാന്‍ ധാരണയായത്. സമിതിയോട് സ്ഥലം സന്ദര്‍രിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സമിതിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ വയനാട് ജില്ലാ കളക്ടറേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

അപകട കാരണം കണ്ടെത്താൻ കൊങ്കൺ റെയിൽവേ കോർപ്പറേഷൻ നിയോഗിച്ച ഡ‌ൽഹിയിൽ നിന്നുള്ള വിദഗ്ധ സംഘവും ഇന്ന് വയനാട്ടിൽ എത്തിയേക്കും. രണ്ട് ചീഫ് എഞ്ചിനീയർമാരും ഒരു ജിയോളജിസ്റ്റും നേതൃത്വം നൽകുന്ന സംഘമാണ് കള്ളാടിയിൽ എത്തുക. മണ്ണിടിച്ചിൽ മേഖലയിൽ സംഘം വിശദമായ പരിശോധന നടത്തും. സംസ്ഥാന സർക്കാർ നിയോഗിച്ച എക്സ്പെർട്ട് കമ്മിറ്റി ഉടൻ സ്ഥലത്തെത്തി അന്വേഷണം നടത്തി, റിപ്പോർട്ട് കൈമാറും.

SCROLL FOR NEXT