തിരുവനന്തപുരം: ധവളപത്രം ഇറക്കിയതിനെ ഉമ്മാക്കി കാട്ടി ഭയപ്പെടുത്തേണ്ടെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ധവളപത്രം ഉമ്മാക്കിയല്ല, കഴിഞ്ഞ 10 വർഷത്തെ ധന മാനേജ്മെൻ്റിൻ്റെ വീഴ്ച സംബന്ധിച്ച കണ്ണാടിയാണെന്നായിരുന്നു മുഖ്യമന്ത്രി തിരിച്ചടിച്ചത്.
കിഫ്ബിക്കെതിരെയും മുഖ്യമന്ത്രി രൂക്ഷ വിമർശനം ഉയർത്തി. വരുമാനത്തിനായുള്ള ഒരു പദ്ധതിയും കിഫ്ബിക്കില്ല. കിഫ്ബി പ്രത്യേക സാമ്രാജ്യമായാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ട്രഷറിയിൽ മെയ് 16ന് 2000 കോടിയേ ഉള്ളൂ. ട്രഷറിയിലെ കണക്ക് പെരുപ്പിച്ച് കാട്ടി പാവപ്പെട്ട ജനങ്ങളെ മുൻ സർക്കാർ പറ്റിക്കുകയായിരുന്നു.
ആർക്കും പണം കൊടുക്കാതെയാണ് കയ്യിൽ പണമുണ്ടെന്ന് കഴിഞ്ഞ സർക്കാർ പറഞ്ഞത്. കിഫ്ബി പണത്തിൻ്റെ പലിശ കേട്ടാൽ തല കറങ്ങി വീഴുമെന്നും വി.ഡി. സതീശൻ പറഞ്ഞു. കടമെടുപ്പ് പരിധിയിൽപ്പെടുത്തിയതോടെ എല്ലാം തങ്ങളുടെ തലയിലായെന്നും വി.ഡി. സതീശൻ പറഞ്ഞു.
ധവളപത്രത്തിലെ വിവരം കേട്ട് പ്രതിപക്ഷ നേതാവ് നിരാശപ്പെടരുത്, ഇത് പ്രതീക്ഷയുള്ള നയ പ്രഖ്യാപനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസുകാർ ഒറ്റുകാർ അല്ലെന്നും സതീശൻ പറഞ്ഞു. രാജ്യത്തെ തകർക്കാൻ ശ്രമിച്ച പാരമ്പര്യമാണ് കമ്യൂണിസ്റ്റുകൾക്ക് ഉള്ളത്. മലബാർ കലാപത്തിൻ്റെ ഒറ്റുകാരായിരുന്നില്ല കോൺഗ്രസുകാർ. വിട്ടുവീഴ്ച ഇല്ലാത്ത വർഗീയ വിരുദ്ധ നിലപാടാണ് തങ്ങൾക്കുള്ളതെന്നും സതീശൻ ഓർമ്മിപ്പിച്ചു,