വയനാട്: ആരെങ്കിലും മരിച്ചാൽ മൃതദേഹം സംസ്കരിക്കാൻ ശ്മശാനമില്ലാതെ ദുരിതത്തിലാണ് മുള്ളൻകൊല്ലി ഇടമല മിച്ചഭൂമിയിലെ ഉന്നതി നിവാസികൾ. പരിമിതമായ സ്ഥലത്ത് വീടിന് പരിസരത്ത് തന്നെ മൃതദേഹങ്ങൾ സംസ്കരിക്കേണ്ട അവസ്ഥയാണിവർക്ക്. പാറക്കെട്ടുകൾ നിറഞ്ഞ ഭൂമിയായതിനാൽ അധികം താഴ്ചയിൽ കുഴിയെടുക്കാനാകില്ലെന്ന പ്രശ്നവും ഇവർ നേരിടുന്നു.
മുള്ളൻകൊല്ലി പഞ്ചായത്തിലെ ഇടമല മിച്ചഭൂമിയിൽ കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട 25ഓളം കുടുംബങ്ങളാണ് ശ്മശാനമില്ലാതെ ദുരിതത്തിലായിരിക്കുന്നത്. ഉന്നതിയിലെ ഭൂരിപക്ഷം വീടുകളുടെ മുറ്റങ്ങളിലും മൃതദേഹങ്ങൾ സംസ്കരിച്ചിട്ടുണ്ട്. ഉന്നതിയിലെ സ്ഥല പരിമിതികൾ മൂലം അടുത്തടുത്താണ് വീടുകൾ സ്ഥിതി ചെയ്യുന്നത്. അതിനിടയിലാണ് കുഴിമാടങ്ങള്‍. പാറക്കെട്ടുകള്‍ നിറഞ്ഞ ഭൂമിയായതിനാല്‍ അധികം താഴ്ചയില്‍ കുഴിയെടുക്കാനുമാവില്ല. ഇനിയാരെങ്കിലും മരിച്ചാല്‍ സംസ്‌കരിക്കുന്നതിനുള്ള കുഴിയെടുക്കാന്‍ വീട് പൊളിക്കേണ്ട സ്ഥിതിയിലാണന്നും ജീവിച്ചിരുന്നപ്പോള്‍ പ്രിയപ്പെട്ടവരായിരുന്നവരുടെ കുഴിമാടങ്ങള്‍ നിത്യവും കാണേണ്ടിവരുന്നത് വലിയ മാനസിക പ്രയാസമാണ് സൃഷ്ടിക്കുന്നതെന്നും ഉന്നതി നിവാസികൾ പറയുന്നു.
പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശമായതിനാൽ തന്നെ കുഴിയെടുക്കാനും മറ്റും സാധിക്കാത്തതിനാൽ ശൗചാലയങ്ങൾ പോലും ഇല്ലാത്ത അവസ്ഥയിലാണ് ഉന്നതി നിവാസികൾ. അതിനാൽ തന്നെ എങ്ങനെയെങ്കിലും ഇവിടെ നിന്നും മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ സ്വകരിക്കണമെന്നാണ് ഇവിടെയുള്ളവരുടെ ആവശ്യം. കളക്ടറടക്കമുള്ള ഉദ്യോഗസ്ഥർ ഉന്നതിയിലെത്തിയപ്പോള്‍ തങ്ങളെ പുനരധിവസിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയതാണെന്നും ഇപ്പോള്‍ അധികാരികളാരും തിരിഞ്ഞ് നോക്കുന്നില്ലെന്നും ഉന്നതി നിവാസികൾ പറയുന്നു.