കാസർഗോഡ്: ബേക്കലിൽ റാപ്പർ വേടൻ്റെ പരിപാടിക്കിടെ ആൾക്കൂട്ട അപകടം. തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. കുട്ടികൾ ഉൾപ്പെടെയുള്ളവർ കുഴഞ്ഞുവീണു. ബേക്കൽ പാർക്കിനോട് ചേർന്നുള്ള സ്ഥലത്താണ് പരിപാടി നടത്തിയത്. പാരിപാടി കാണാനായി ആളുകൾ മുന്നിലേക്ക് ഇടിച്ചുകയറിയതാണ് അപകടത്തിനിടയാക്കിയത്. അതേസമയം, പാരിപാടി കാണാനായെത്തിയ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ശിവനന്ദൻ ആണ് മരിച്ചത്. ബേക്കൽ പാർക്കിനോട് ചേർന്നുള്ള റെയിൽവേ ട്രാക്കിലാണ് സംഭവം. പരിപാടിയുടെ ശബ്ദം കാരണം ട്രെയിൻ വരുന്നത് അറിഞ്ഞില്ലെന്നാണ് ശിവനന്ദൻ്റെ സുഹൃത്തുക്കൾ പറയുന്നത്.
ആദ്യം കുട്ടികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെയാണ് വയോധികരുൾപ്പെടെയുള്ള ആളുകൾ കുഴഞ്ഞുവീണത്. തുടർന്ന് പൊലീസെത്തി താൽക്കാലികമായി പരിപാടി നിർത്തിവച്ചു.
പരിപാടിയിൽ വലിയ രീതിയിൽ ആളുകളുടെ തിരക്കുണ്ടാകുമെന്നും കൂടുതൽ ടിക്കറ്റുകൾ വിൽക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സോൾഡ് ഔട്ടായ ടിക്കറ്റുകൾ വീണ്ടും വില വർധിപ്പിച്ച് വിൽക്കുകയായിരുന്നു. ബീച്ച് പരിസരമായതിനാൽ തന്നെ ആളുകളെ ഉൾക്കൊള്ളുന്നതിൽ തടസമില്ലെന്നായിരുന്നു സംഘാടകരുടെ വിശദീകരണം. പരിപാടി നിർത്തിവച്ചതോടെ മുഴുവൻ ആളുകളും പിരിഞ്ഞു പോകണമെന്ന് പൊലീസ് നിർദേശമുണ്ട്.