തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് കുടിവെള്ളം മുടങ്ങില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. കുടിവെള്ളത്തിൽ രാഷ്ട്രീയം കലർത്താൻ എൽഡിഎഫ് ആഗ്രഹിക്കുന്നില്ല. കോർപ്പറേഷനും വാട്ടർ അതോറിറ്റിയും സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. കൺട്രോൾ തുറന്നിട്ടുണ്ട്. ഓരോ സെക്ഷൻ ഓഫീസും കേന്ദ്രീകരിച്ച് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
അതേസമയം, തിരുവനന്തപുരത്തെ കുടിവെള്ള പ്രതിസന്ധിയിൽ യുവമോർച്ച പ്രതിഷേധവുമായി രംഗത്തെത്തി. വെള്ളയമ്പലം വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എൻജിനീയറുടെ ഓഫീസ് ഉപരോധിച്ചു. പ്രശ്നം കോർപ്പറേഷൻ്റെ തലയിൽ ഇടാൻ ശ്രമിക്കുന്നുവെന്നും പൊങ്കാല ദിവസം കുടിവെള്ള വിതരണം മുടങ്ങാൻ പാടില്ലെന്നും യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പറഞ്ഞു. പ്രശ്നം പരിഹരിക്കുംവരെയും സമരം തുടരുമെന്നും വിഷ്ണു പറഞ്ഞു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ട്രാൻസ്‌ഫോർമർ തകരാറ് മൂലമാണ് കുടിവെള്ളപ്രശ്നം ഉണ്ടായതെന്ന് മന്ത്രി വി. ശിവൻകുട്ടിയും പ്രതികരിച്ചിരുന്നു. കുടിവെള്ള പ്രശ്നമുള്ള സ്ഥലം ചൂണ്ടിക്കാട്ടിയാൽ പരിഹരിക്കും. ഉപയോഗം കൂടുമ്പോൾ ഉള്ള പ്രശ്നങ്ങൾ ഉണ്ട്. ആറ്റുകാൽ പൊങ്കാല രാഷ്ട്രീയവത്ക്കരിക്കാൻ പാടില്ല. മുൻ കാലത്ത് വിവാദങ്ങൾ ഉണ്ടായിട്ടില്ല. ലക്ഷക്കണക്കിന് ആളുകൾ വരുമ്പോഴുള്ള പ്രതിസന്ധി മാത്രമാണ്. ചില സംഘടനകളുടെ കൊടിപിടിച്ചു ടാങ്കറുമായുള്ള ഷോ നടത്തേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.