കൊച്ചി: 'പോറ്റിയെ കേറ്റിയെ' പട്ടിനെതിരെ കേസ് നൽകിയ പ്രസാദ് കുഴിക്കാലയെ തള്ളി തിരുവാഭരണപാത സംരക്ഷണ സമിതി. ശബരിമല തിരുവാഭരണ പാത സംരക്ഷണ സമിതിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ഇടതുമുന്നണിയുടെ കൊള്ള തുറന്നുകാട്ടുന്നതാണ് ഈ പാട്ടെന്നും ശബരിമല സംരക്ഷണ സമിതി ചെയർമാൻ കെ. ഹരിദാസ് പറഞ്ഞു.
വിശ്വാസത്തെയും വിശ്വാസികളെയും സംരക്ഷിക്കാൻ വേണ്ടിയല്ല പ്രസാദ് കുഴിക്കാല പരാതി കൊടുത്തത്. കൊള്ള നടത്തിയവരെ സംരക്ഷിക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു പരാതി. തിരുവാഭരണ പാത സംരക്ഷണ സമിതിയിൽ തനിക്കൊപ്പം നാലുവർഷം മുമ്പ് ഉണ്ടായിരുന്ന ആളാണ് പ്രസാദ് കുഴിക്കാല. അതിനുശേഷം സംഘടനയിൽ നിന്ന് പുറത്തുപോയി സ്വയം ഒരു സംഘടന രൂപീകരിച്ചുവെന്നും കെ. ഹരിദാസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലായ 'പോറ്റിയെ കേറ്റിയെ' പാട്ടിനെതിരെ പ്രസാദ് കുഴിക്കാല ഡിജിപിക്ക് പരാതി നൽകിയത്. പരാതിയില്‍ പ്രാഥമികാന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയലാഭത്തിന് അയ്യപ്പഭക്തരെ അപമാനിക്കും വിധമുള്ള പാട്ട് പിൻവലിക്കണമെന്നാണ് പരാതിക്കാരൻ്റെ ആവശ്യം. ഗാനം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് സിപിഐഎമ്മും രംഗത്തെത്തിയിരുന്നു.