കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടിയെയും അമ്മയെയും ലൈംഗികമായി അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിനിയായ മുംതാസ് തന്റെ യൂട്യൂബ് ചാനലിലിലൂടെയാണ് അമ്മയുടെയും കുട്ടിയുടെയും ചിത്രങ്ങൾ സഹിതം അസഭ്യം പറഞ്ഞ് അധിക്ഷേപിച്ചത്. തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പരാതിക്കാരായ അമ്മയുടെയും കുട്ടിയുടെയും ചിത്രങ്ങൾ ഫേസ്ബുക്കിൽ നിന്ന് എടുത്ത ശേഷം, സ്വന്തം യൂട്യൂബ് ചാനലായ 'വോയ്സ് ഓഫ് ട്രൂത്ത്' (Voice of Truth)-ലൂടെ ലൈംഗികാധിക്ഷേപം നടത്തുകയും മോശമായ രീതിയിൽ അസഭ്യം പറയുകയുമായിരുന്നു. തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് നടപടി സ്വീകരിച്ചത്.