തിരുവനന്തപുരം: തലസ്ഥാനവും ഇനി മെട്രോ നഗരമാകും. മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യഘട്ട അലൈന്‍മെൻ്റിന് മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകാരം നൽകി. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആർഎൽ) മുഖേനയാണ് പദ്ധതി നടപ്പിലാക്കുക.
ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍, സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളേജ് എന്നിവ ബന്ധിപ്പിക്കുന്ന ആദ്യഘട്ട അലൈന്‍മെന്റിനാണ് സർക്കാർ അംഗീകാരം നൽകിയത്. പാപ്പനംകോട് മുതൽ ഈഞ്ചക്കൽ വരെയാണ് ആദ്യഘട്ട മെട്രോ പാത. 31 കിലോമീറ്ററിനിടയിൽ 27 സ്റ്റേഷനുകളാണ് ഉണ്ടാകുക. കഴക്കൂട്ടം / ടെക്നോപാര്‍ക്ക് / കാര്യവട്ടം എന്നിവയായിരിക്കും ഇൻ്റർചേഞ്ച് സ്റ്റേഷനുകള്‍.
തിരുവനന്തപുരം മെട്രോയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂര്‍, പട്ടം എന്നീ മേല്‍പ്പാലങ്ങളുടെ നിര്‍മാണ ചുമതല കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ഏല്‍പ്പിച്ചിരുന്നു. ഇതില്‍ ശ്രീകാര്യം മേല്‍പ്പാലത്തിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.