KERALA

25 കോടിയുടെ ഉടമയെ കിട്ടി; തിരുവോണം ബംപർ തുറവൂർ സ്വദേശിക്ക്

തുറവൂർ സ്വദേശിയായ ശരത് എസ്. നായരെയാണ് ഭാഗ്യദേവത തുണച്ചതെന്നാണ് വിവരം.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: 25 കോടിയുടെ ഓണം ബംപർ ആലപ്പുഴ സ്വദേശിക്കെന്ന് റിപ്പോർട്ട്. തുറവൂർ സ്വദേശിയായ ശരത് എസ്. നായരെയാണ് ഭാഗ്യദേവത തുണച്ചതെന്നാണ് വിവരം. ടിക്കറ്റ് ബാങ്കിൽ ഹാജരാക്കി. ടിക്കറ്റ് എടുത്തത് കൊച്ചി നെട്ടൂരിൽ നിന്നാണ്. നെട്ടൂരിലെ പെയിൻ്റ് കടയിലെ ജീവനക്കാരനാണ് ശരത്.

തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പിലൂടെ 25 കോടിയുടെ ലോട്ടറി നെട്ടൂർ സ്വദേശി ലതീഷ് വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. പാലക്കാട് ഭഗവതി ഏജൻസിയിൽ നിന്ന് എടുത്ത ടിക്കറ്റ് എറണാകുളം വൈറ്റിലയിൽ നിന്നാണ് ലതീഷ് വാങ്ങിയത്.

ശരത് നെട്ടൂരിലെ നിപ്പോൺ പെയിൻ്റ് എന്ന കടയിലെ ജീവനക്കാരനാണ്. ഇന്ന് രാവിലെയും അദ്ദേഹം ജോലിക്ക് എത്തിയിരുന്നു. എന്നിട്ടും ഒരു സൂചന പോലും ആർക്കും നൽകിയിരുന്നില്ല. വീട്ടിൽ ഒരു ആവശ്യമുണ്ടെന്ന് പറഞ്ഞ് ജോലിക്കിടയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു എന്ന് സഹപ്രവർത്തകർ പറഞ്ഞു. ലോട്ടറി അടിച്ച വിവരം ശരത്തിന് മറ്റുള്ളവർ അറിയുന്നതിലും മാധ്യമങ്ങൾക്ക് മുന്നിൽ എത്തുന്നതിലും താൽപര്യമില്ല എന്നാണ് സൂചന.

SCROLL FOR NEXT