
കൊച്ചി: സംസ്ഥാന സർക്കാരിന്റെ ഓണം ബംപർ വിറ്റ ലോട്ടറി വിൽപ്പനക്കാരൻ നെട്ടൂരിലെ എം.ടി. ലതീഷിന് ഇപ്പോഴും അറിയില്ല, സമ്മാനം ലഭിച്ച ടിക്കറ്റ് വാങ്ങിയത് ആരാണെന്നോ എവിടെയുള്ള ആളാണെന്നോ. അത് പക്ഷെ നെട്ടൂർ സ്വദേശി തന്നെ ആയിരിക്കും എന്നാണ് അദ്ദേഹത്തിൻ്റെ വിശ്വാസം. ലതീഷ് വിറ്റ ടിക്കറ്റിനാണ് 25 കോടിയുടെ ഒന്നാം സമ്മാനം. ആ ഭാഗ്യവാനെ തേടിയുള്ള നെട്ടോട്ടത്തിലാണ് മലയാളികൾ.
രണ്ടര കോടി കിട്ടിയാൽ സ്വപ്നങ്ങൾ ഏറെയുണ്ട് ലതീഷിന്. 70 ലക്ഷത്തിലേറെ കടബാധ്യതയുണ്ട്, അത് വീട്ടണം. രണ്ട് മക്കളുടെയും വിദ്യാഭ്യാസം പൂർത്തിയാക്കണം. എത്ര രൂപ ലഭിച്ചാലും ഭാഗ്യത്തട്ട് വിട്ട് എങ്ങോട്ടും പോകില്ല എന്നും ലതീഷ് ഉറപ്പിച്ചു പറയുന്നു. വൈറ്റിലയിലെ ഭഗവതി ലോട്ടറി ഏജൻസിയിൽ നിന്നാണ് ലതീഷ് ടിക്കറ്റുകൾ വാങ്ങിയത്.
ഒരു വർഷം മുൻപാണ് ബിസിനസ് നഷ്ടത്തിലായി വൻ തുക കടക്കാരൻ ആയ ലതീഷ് ലോട്ടറി വിൽപ്പന തുടങ്ങിയത്. 1000 രൂപയ്ക്ക് വാങ്ങിയ ലോട്ടറി തട്ട് മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഭാഗ്യ തട്ടായി. ഇക്കഴിഞ്ഞ ജൂലൈയിൽ ലതീഷ് വിറ്റ ടിക്കറ്റിന് ഒരു കോടി രൂപ ഒന്നാം സമ്മാനം അടിച്ചിരുന്നു. മൂന്ന് മാസം തികഞ്ഞപ്പോൾ 25 കോടിയുടെ ഓണം ബംപറും അയാളുടെ കൈകളിലൂടെ ഭാഗ്യവാനെ തേടിയെത്തി.
എറണാകുളം നെട്ടൂർ ഐഎൻടിയുസി ജംഗ്ഷനിലെ ലതീഷിന്റെ കടയിൽ നിന്ന് 1200 ഓണം ബംപർ ടിക്കറ്റുകൾ ആണ് വിറ്റത്. ഇതിൽ TH 577825 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.