KERALA

സ്വർണക്കൊള്ളയിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടണം, അയ്യപ്പ സംഗമത്തിന് ദേവസ്വം ബോർഡിൻ്റെ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല: പി.എസ്. പ്രശാന്ത്

കോടതിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെങ്കിൽ അത് രേഖപ്പെടുത്താൻ പ്രതിപക്ഷ നേതാവ് തയ്യാറാകണമെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ സർക്കാരും ദേവസ്വം ബോർഡും നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോർ‍ഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്. ദേവസ്വം വകുപ്പ് മന്ത്രിയുമായി കൂടിയാലോചിച്ച ശേഷമാണ് സമ​ഗ്രമായ അന്വേഷണം വേണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്. ദേവസ്വം ബോർ‍ഡിനെ സംബന്ധിച്ചിടത്തോളം ഭ​ഗവാൻ്റെ സ്വർണം നഷ്ടപ്പെട്ടത് വേദനാജനകമാണ്. അത് എത്രയും വേ​ഗം തിരിച്ചുപിടിക്കണം. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നത് തന്നെയാണ് ദേവസ്വം ബോർഡിൻ്റെയും സർക്കാരിൻ്റെയും ദേവസ്വം വകുപ്പിൻ്റെയും നിലപാട് എന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.

ഈ നിലപാട് തന്നെയാണ് കോടതിയെ അറിയിച്ചത്. അത് അം​ഗികരിച്ച കോടതി വിഷയം അന്വേഷിക്കാൻ നല്ല സംഘത്തെ നിയമിച്ചു. കോടതിയുടെ നിരീക്ഷണത്തിൽ തന്നെയാണ് അന്വേഷണം നടത്തുന്നത്. ആ അന്വേഷണത്തിൽ ദേവസ്വം ബോർഡിന് പൂർണ വിശ്വാസമുണ്ട്. ദേവസ്വം ബോർഡ് ആ​ഗ്രഹിക്കുന്ന രീതിയിൽ ഈ അന്വേഷണ സംഘം നഷ്ടപ്പെട്ട സ്വത്തുക്കൾ കണ്ടെത്തുമെന്നും കുറ്റവാളികൾക്ക് മാ‍തൃകാപരമായ ശിക്ഷ നൽകുമെന്നും ദേവസ്വം ബോർഡിന് വിശ്വാസമുണ്ട്, പി.എസ്. പ്രശാന്ത്.

എന്നാൽ ചില കേന്ദ്രങ്ങളിൽ നിന്ന് ദേവസ്വം ബോര്‍ഡിനെ ആകെ കരിവാരിത്തേക്കാനും സംശയ നിഴലില്‍ നിര്‍ത്താനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണ നിയന്ത്രണത്തിലുള്ള 1252 ക്ഷേത്രങ്ങളെ തകര്‍ക്കാനും ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നു. ഇത് അങ്ങേയറ്റം അപലപനീയമാണ്. തെറ്റ് ചെയ്തവര്‍ ഉറപ്പായും ശിക്ഷിക്കപ്പെടണം. അവര്‍ക്കെതിരെ മാതൃകാപരമായ നടപടിയും കൈക്കൊള്ളണം എന്നുതന്നെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അഭിപ്രായം.

ശബരിമല മുതല്‍ പെറ്റി ദേവസ്വം ക്ഷേത്രങ്ങളില്‍ വരെ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചും ഉത്സവാദി ചടങ്ങുകള്‍ കൃത്യമായി നടത്തുന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസക്തി വലുതാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആചാരങ്ങളേയും ക്ഷേത്രവിശ്വാസങ്ങളേയും തകര്‍ക്കാനുള്ള ഗൂഢശ്രമമാണ് ഇപ്പോള്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്നത്. ഇത് ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിക്കുന്ന നടപടിയാണ്. ഇത് ദൗർഭാ​ഗ്യകരമായ നടപടിയാണ്. ആറ് ആഴ്ച ഒന്നു ക്ഷമിക്കാൻ തയ്യാറാകണം. അന്വേഷണ ഏജൻസിയോട് സഹകരിക്കാൻ പ്രതിപക്ഷ നേതാവും പ്രതിപക്ഷ പാർട്ടികളും തയ്യാറാകണം. ഇനി കോടതിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെങ്കിൽ അത് രേഖപ്പെടുത്താൻ തയ്യാറാകണമെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു. അയ്യപ്പ സംഗമത്തിന് ദേവസ്വം ബോർഡിൻ്റെ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നും ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുമ്പോൾ അക്കാര്യം മനസിലാകുമെന്നും പി.എസ്. പ്രശാന്ത് കൂട്ടിച്ചേർത്തു.

SCROLL FOR NEXT