ശബരിമല പൊലീസ് ഡ്യൂട്ടിയ്ക്ക് മദ്യപാനികളും പ്രശ്നക്കാരും വേണ്ട 
KERALA

ശബരിമല ഡ്യൂട്ടിയ്ക്ക് മദ്യപാനികളും പ്രശ്നക്കാരും വേണ്ട, ഉത്തരവ് ഇറക്കി ദക്ഷിണ മേഖല ഐജി, തീരുമാനം നിലയ്ക്കലിൽ ഉണ്ടായ പൊലീസ് അതിക്രമത്തിൻ്റെ പശ്ചാത്തലത്തിൽ

നിലയ്ക്കലിലെ പൊലീസ് മർദ്ദനം ഗൗരവത്തിലുള്ള വിഷയമാണെന്നും സേനയുടെ പേരിന് കളങ്കം ഉണ്ടാക്കിയെന്നും ഉത്തരവിൽ പറയുന്നു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിയിൽ നിന്ന് മദ്യപാനികളും പ്രശ്നക്കാരുമായ പൊലീസുകാരെ ഒഴിവാക്കണമെന്ന് ഉത്തരവ്. ദക്ഷിണ മേഖല ഐജി പി.പ്രകാശാണ് ജില്ലാ പൊലീസ് മേധാവിമാർക്കും യൂണിറ്റ് മേധാവിമാർക്കും നിർദേശം നൽകിയത്. കഴിഞ്ഞ ദിവസം നിലയ്ക്കലിലുണ്ടായ പൊലീസ് അതിക്രമത്തിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ശബരിമലയിലേക്ക് അയ്യപ്പഭക്തരുമായി വന്ന വാഹനത്തിൻ്റെ ഡ്രൈവർ പ്രശാന്തിനെ എഎസ്ഐ ജിജോ മർദിച്ചത് ഏറെ വിവാദമായിരുന്നു. പ്രാഥമിക അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജിജോയെ ദക്ഷിണ മേഖലാ ഐജി പി. പ്രകാശ് സസ്പെൻഡും ചെയ്തിരുന്നു. സംഭവം പൊലീസ് സേനയ്ക്കാകെ കളങ്കമുണ്ടാക്കിയെന്നാണ് കണ്ടെത്തൽ.

ഇതിൻ്റെ പശ്ചാത്തലത്തിലാണ് ശബരിമല ഡ്യൂട്ടിക്ക് മദ്യപാനികളോ പ്രശ്നക്കാരോ ആയ ഉദ്യോഗസ്ഥരെ നിയോഗിക്കരുതെന്ന് ദക്ഷിണ മേഖലാ ഐജി ഉത്തരവിറക്കിയത്. ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും ജില്ലാ പൊലീസ് മേധാവിമാർക്കും യൂണിറ്റ് മേധാവിമാർക്കും കമാൻണ്ടൻ്റുമാർക്കും അയച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.

അച്ചടക്കമുള്ളവരും മദ്യപിക്കാത്തവരും പ്രശ്നക്കാരുമല്ലാത്ത ഉദ്യോഗസ്ഥരെ മാത്രമേ ശബരിമല ഡ്യൂട്ടിക്കായി നിയോഗിക്കാവൂ. മാത്രമല്ല എഎസ്ഐ ജിജോയുടെ പെരുമാറ്റം ഗൗരവത്തിലുള്ളതാണെന്നും ഉത്തരവിൽ പറയുന്നുണ്ട്. ശബരിമലയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് തീരുമാനം.

SCROLL FOR NEXT