വയനാട്: കള്ളാടിയിൽ മനുഷ്യ സാധ്യമായ എല്ലാ ഏകോപനവും നടത്തിയെന്ന് മന്ത്രി ടി. സിദ്ദിഖ്. റോഡ് ഗതാഗത യോഗ്യമാക്കി മാറ്റൽ,കാണാതായവരെ കണ്ടെത്താൻ അപകട സ്ഥലം നാല് സോണുകൾ ആക്കി തിരിച്ചു പരിശോധന നടത്തുക എന്നീ രണ്ട് കാര്യങ്ങളിൽ ആണ് ശ്രദ്ധ നൽകാൻ അവലോകന യോഗത്തിൽ തീരുമാനം ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ സംവിധാനങ്ങൾ സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻഡിആർഎഫിന്റെ 66 അംഗ ടീം സ്ഥലത്ത് ഉണ്ട്. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ എംബാം ചെയ്ത് വീടുകളിൽ എത്തിക്കും. നിലവിലെ കണക്കുകളനുസരിച്ച് മൂന്ന് അതിഥി തൊഴിലാളികളുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ആശുപത്രിയിൽ ചികിത്സയിൽ ഉള്ള ദിലീപ് എന്ന ആളുടെ നില ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു. മനുഷ്യസാധ്യമായ എല്ലാ ഏകോപനവും നടത്തി. അഞ്ചു പേരെയാണ് കണ്ടെത്താനുള്ളത്. മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി.
ചൂരൽമല ദുരന്തം കഴിഞ്ഞ്, രണ്ടു വർഷം പൂർത്തിയാകുമ്പോഴാണ് വയനാട്ടില്‍ മറ്റൊരു ദുരന്തം കൂടി ഉണ്ടായത് എന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍ പറഞ്ഞു . അപകടം നടന്നയുടന്‍ ജില്ലാ കളക്ടര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ഏകോപിപ്പിച്ചു. മഴക്കാല മുന്നൊരുക്കങ്ങള്‍ എല്ലാം നടത്തിയിരുന്നു. ഉണ്ടായത് വലിയ മണ്ണിടിച്ചിലാണ്. റെസ്ക്യൂ ഓപ്പറേഷൻ കൃത്യമായി നടക്കുന്നുണ്ടെന്നും - മന്ത്രി അറിയിച്ചു.
മേപ്പാടി പോളിടെക്നിക്കിലെ ദുരിതാശ്വാസ ക്യാമ്പിൽ പ്രദേശത്തുള്ള 42കുടുംബങ്ങളിലെ 142 പേരെ ഇവിടേക്ക് മാറ്റി പാർപ്പിച്ചു. മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ സേവനം ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. രാത്രിയിൽ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചാലും സ്ഥലത്ത് ആംബുലൻസും മെഡിക്കൽ ടീമും ക്യാമ്പ് ചെയ്യും. ആരോഗ്യവകുപ്പിന്റെ എല്ലാ സേവനങ്ങളും 24മണിക്കൂറും സ്ഥലത്ത് ഉറപ്പാക്കിയിട്ടുണ്ട്.
വയനാട് ഡി.എം.ഒ ഡോ.മൊയ്തീൻ ഷാ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ഷീജ.വി.ആർ, മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്രം സൂപ്രണ്ട് പ്രസന്നകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ദുരന്തത്തില്‍ മരിച്ച മൂന്നു പേരുടെ വിവരങ്ങള്‍ ലഭിച്ചു. മൂന്നു പേരും അതിഥി തൊഴിലാളികളാണ്. ആൻമോൾ ദോദ്റായ് (ജാർഖണ്ഡ്), ബികാഷ് കുമാർ സിങ് (ബിഹാർ),ചന്ദ്രഭാൻ പാൽ (മധ്യപ്രദേശ്) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.