എൽഡിഎഫിൽ നിന്ന് നീതി കിട്ടുന്നില്ലെന്ന് ആർജെഡി ജനറൽ‌ സെക്രട്ടറി വർഗീസ് ജോർജ്  Source: Files
KERALA

"മൂന്ന് സീറ്റ് പോരാ! എൽഡിഎഫ് നീതി പുലർത്തണം"; ആവശ്യത്തിലുറച്ച് ആർജെഡി നേതൃയോഗം

എൽഡിഎഫിൽ നിന്ന് നീതി കിട്ടുന്നില്ലെന്നും ജനറൽ‌ സെക്രട്ടറി വർഗീസ് ജോർജ്...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മൂന്ന് സീറ്റ് പോരെന്ന ആവശ്യത്തിലുറച്ച് ആർജെഡി നേതൃയോഗം. എൽഡിഎഫിൽ നിന്ന് നീതി കിട്ടുന്നില്ലെന്നും, കോഴിക്കോടും തിരുവനന്തപുരത്തും ഓരോ അധിക സീറ്റും ചാലക്കുടിയും ആവശ്യപ്പെടുമെന്ന് ജനറൽ‌ സെക്രട്ടറി വർഗീസ് ജോർജ് പറഞ്ഞു. കോവളത്ത് ആർജെഡി നേതാവിനെ റാഞ്ചി ഐഎസ്ജെഡി സ്ഥാനാർഥിയാക്കിയത് നീതിക്ക് നിരക്കാത്ത പ്രവർത്തിയാണ്. ഒറ്റ തവണ കൂടി സിപിഐഎമ്മുമായി ചർച്ച നടത്തുമെന്നും വർഗീസ് ജോർജ് പറഞ്ഞു.

മുന്നണിയിലെ അതൃപ്തി ആർജെഡി നേരത്തെയും പരസ്യമാക്കിയിട്ടുള്ളതാണ്. അതൊരൽപ്പം കടുപ്പിക്കുന്ന രീതിയിലാണ് കോഴിക്കോട് നടന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷമുള്ള പ്രതികരണം. നിലവിൽ മൂന്ന് സീറ്റുകളിലാണ് ആർജെഡി മത്സരിക്കുന്നത്, വടകര, കൂത്തുപറമ്പ്, കൽപ്പറ്റ എന്നീ സീറ്റുകളിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. അതിൽ കൂത്തുപറമ്പ് സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. മൂന്ന് സീറ്റുകൾ കൂടി വേണമെന്ന് മുന്നണിയിൽ ആവശ്യപ്പെടുമെന്നാണ് ആർജെഡി ആവശ്യപ്പെടുന്നത്. തിരുവനന്തപുരത്ത് ഒരു സീറ്റ്, ചാലക്കുടി, കോഴിക്കോട് ജില്ലയിൽ ഒരു അധിക സീറ്റ് എന്നിങ്ങനെയാണ് ആർജെഡി സീറ്റ് ആവശ്യപ്പെടാൻ തീരുമാനിച്ചിരിക്കുന്നത്.

ആദ്യഘട്ടത്തിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിൽ സിപിഐഎമ്മിനോട് മൂന്ന് സീറ്റുകൾ കൂടി വേണമെന്ന ആവശ്യം മുന്നോട്ട് വച്ചിരുന്നു. എന്നാൽ ഒരു ഘടകക്ഷികൾക്കും അധിക സീറ്റ് നൽകേണ്ട, നിലവിലെ നില തുടരാം എന്നായിരുന്നു സിപിഐഎം അറിയിച്ചത്. ആ ചർച്ചയിൽ പൂർണമായും തൃപ്തരല്ല, അതിനാൽ ഒരു വട്ടം കൂടി ചർച്ച നടത്താനാണ് ആർജെഡി നേതൃത്വത്തിൻ്റെ തീരുമാനം. ചർച്ചയിൽ അനുകൂലമായ നിലപാടല്ലെങ്കിൽ എന്താണ് ചെയ്യേണ്ടതെന്ന കാര്യം ആലോചിക്കുമെന്നും ആർജെഡി നേതൃത്വം പറയുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിയിലെ ഒരു വിഭാഗം മുന്നണി വിട്ടുപോകേണ്ടത് അത്യാവശ്യമാണെന്നും ഈ നിലയിൽ മുന്നണിയിൽ തുടരുന്നത് ആർജെഡിക്ക് ഗുണകരമാകില്ല എന്നുമുള്ള നിലപാടാണ് മുന്നോട്ട് വയ്ക്കുന്നത്.

SCROLL FOR NEXT