KERALA

ബലാത്സംഗ കേസ്: റാപ്പർ വേടന് ലുക്കൗട്ട് നോട്ടീസ്

തൃക്കാക്കര പൊലീസ് ആണ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തുവിട്ടത്

Author : ന്യൂസ് ഡെസ്ക്

വനിത ഡോക്ടറുടെ ബലാത്സംഗ പരാതിയിൽ റാപ്പർ വേടനെതിരെ ലുക്കൗട്ട് നോട്ടീസ്. തൃക്കാക്കര പൊലീസ് ആണ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തുവിട്ടത്. വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ലുക്ക്‌ ഔട്ട്‌ സർക്കുലറും പുറത്തിറക്കിയിട്ടുണ്ട്.

കേസിൽ വേടനായി ഇതര സംസ്ഥാനങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് പൊലീസ്. വേടൻ ഒളിവിൽ തുടരുന്ന സാഹചര്യത്തിലാണ് നീക്കം.

കേസിൽ സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തി തുടങ്ങിയിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കിയിരുന്നു. വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നായിരുന്നു യുവ ഡോക്ടറുടെ പരാതി. തുടർച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തിൽ നിന്ന് വേടൻ പിൻമാറി. വേടൻ്റെ പിൻമാറ്റം തന്നെ ഡിപ്രഷനിലേക്ക് നയിച്ചുവെന്നും ആളുകൾ എങ്ങനെ പ്രതികരിക്കും എന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്നും പരാതിയിൽ പറയുന്നു.

ഐപിസി 376 (2) (n) വകുപ്പനുസരിച്ച് ഒരേ സ്ത്രീയെ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തെന്ന കേസ് ആണ് വേടനെതിരെ എടുത്തിരിക്കുന്നത്. 2021 ആഗസ്റ്റ് മുതൽ 2023 മാർച്ച് മാസം വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് വേടൻ പീഡിപ്പിച്ചു എന്നാണ് പരാതി. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനമെന്ന് യുവതിയുടെ മൊഴിയുണ്ട്.

SCROLL FOR NEXT