പ്രതീകാത്മക ചിത്രം 
KERALA

തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ടത് വര്‍ഗീയ ശക്തികള്‍ എതിരായ സ്ഥലങ്ങളില്‍, മേയറുടെ പ്രവര്‍ത്തനവും തിരിച്ചടിയായി: തൃശൂര്‍ സിപിഐഎം

തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസിനെതിരെയും സിപിഐഎമ്മില്‍ വിമര്‍ശനമുയര്‍ന്നു.

Author : ന്യൂസ് ഡെസ്ക്

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയ്‌ക്കേറ്റ തിരിച്ചടി പരിശോധിച്ച് സിപിഐഎം. വര്‍ഗീയ ശക്തകള്‍ ഒന്നിച്ചു നിന്നതാണ് തിരിച്ചടിക്ക് കാരണമായതെന്ന് തൃശൂര്‍ സിപിഐഎം സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും വിലയിരുത്തി.

വര്‍ഗീയശക്തികള്‍ ഒന്നിച്ച് എതിര്‍ത്തത് പരാജയത്തിന്റെ പ്രധാന കാരണം. വര്‍ഗീയ ശക്തികള്‍ എതിരായ ഭൂരിഭാഗം സ്ഥലങ്ങളിലും തിരിച്ചടി ഉണ്ടായി. എന്നാല്‍ ജില്ലയില്‍ ഭരണവിരുദ്ധ വികാരം പൂര്‍ണ്ണ തോതില്‍ ബാധിച്ചിട്ടില്ലെന്നും സിപിഐഎം.

ശബരിമല വിഷയം ജില്ലയില്‍ ബാധകമായില്ല. അതിന് ഉദാഹരണമാണ് ക്ഷേത്ര നഗരികളിലെ വിജയം. കീഴ്ഘടകങ്ങളിലെ സംഘടന പ്രശ്‌നങ്ങളും സ്ഥാനാര്‍ഥി നിര്‍ണയവും ഫലത്തെ ബാധിച്ചുവെന്നും സിപിഐഎം വിലയിരുത്തുന്നു.

എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ പ്രാദേശിക അടിസ്ഥാനത്തില്‍ പലസ്ഥലങ്ങളിലും ക്രോസ് വോട്ടിംഗ് നടന്നു. സംഘപരിവാര്‍ ശക്തി കേന്ദ്രങ്ങളില്‍ ഒഴികെ ഭൂരിപക്ഷ മുസ്ലിം വോട്ടുകള്‍ യുഡിഎഫിനെ പിന്തുണച്ചു. ക്രൈസ്തവ സഭ വോട്ടുകളും യുഡിഎഫിന് അനുകൂലമായെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി.

തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസിനെതിരെയും സിപിഐഎമ്മില്‍ വിമര്‍ശനമുയര്‍ന്നു. മേയറുടെ പ്രവര്‍ത്തനം തിരിച്ചടിയായി. മുന്നണിക്കൊപ്പം ചേര്‍ന്നുനില്‍ക്കാത്ത മേയറുടെ നടപടികള്‍ തിരിച്ചടി ഉണ്ടാക്കി.

കോര്‍പ്പറേഷന്‍ പരിധിയില്‍ രാഷ്ട്രീയ വോട്ടുകള്‍ വര്‍ധിപ്പിക്കാന്‍ കഴിയാത്തത് പോരായ്മ. കോര്‍പ്പറേഷന്‍ പരിധിയിലെ സ്ഥാനാര്‍ഥി നിര്‍ണയം പതിവിലും വൈകി. പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങളും പരാജയത്തിന് മുഖ്യകാരണമെന്നും സിപിഐഎം വിലയിരുത്തി.

SCROLL FOR NEXT