KERALA

നിയമസഭാ തെരഞ്ഞെടുപ്പ്: തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കില്ല; കായംകുളം ബിജെപിക്ക് നല്‍കി ബിഡിജെഎസ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടേക്കും

ഏതൊക്കെ സീറ്റുകള്‍ വേണമെന്നതില്‍ ഇന്നത്തെ യോഗം ചര്‍ച്ച ചെയ്ത ശേഷമാകും അന്തിമ തീരുമാനം.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. ഇക്കാര്യം ബിഡിജെഎസ് നേതാക്കളെ അറിയിക്കും. ഇന്ന് രണ്ട് മണിക്ക് നടക്കുന്ന യോഗത്തില്‍ ഇക്കാര്യം വ്യക്തമാക്കും.

കുട്ടനാട് സീറ്റില്‍ തുഷാര്‍ മത്സരിക്കണമെന്ന് ബിജെപിക്കുള്ളില്‍ അഭിപ്രായം ഉയര്‍ന്നിരുന്നെങ്കിലും മത്സരിക്കേണ്ടെന്നാണ് തുഷാറിന്റെ നിലപാട്. അതേസമയം തെരഞ്ഞെടുപ്പില്‍ കായംകുളം സീറ്റ് ബിജെപിക്ക് വിട്ടുകൊടുത്ത് ബിഡിജെഎസ് കൂടുതല്‍ സീറ്റ് ആവശ്യപ്പെടാനും നീക്കമുണ്ട്. ഏതൊക്കെ സീറ്റുകള്‍ വേണമെന്നതില്‍ ഇന്നത്തെ യോഗം ചര്‍ച്ച ചെയ്ത ശേഷമാകും അന്തിമ തീരുമാനം.

കഴിഞ്ഞ ദിവസങ്ങളില്‍ എസ്എന്‍ഡിപിയും എന്‍എസ്എസും തമ്മിലുള്ള ഐക്യം ചര്‍ച്ചയായിരുന്നു. എന്നാല്‍ വെള്ളാപ്പള്ളിക്കെതിരെ അടക്കം നിരവധി വിമര്‍ശനങ്ങള്‍ അടുത്തിടെ ഉയരുകയും ചെയ്തിരുന്നു. മുസ്ലീം ലീഗ് നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും അടക്കം രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ഈ വിഷയങ്ങള്‍ അടക്കം തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇന്ന് യോഗത്തിൽ ചര്‍ച്ചയായേക്കുമെന്നും വിലയിരുത്തലുണ്ട്.

SCROLL FOR NEXT