ഡൽഹി: എഐസിസി സെക്രട്ടറിയായി മുൻ എംപിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ടി.എൻ. പ്രതാപനെ തെരഞ്ഞെടുത്തു. പുതുച്ചേരിയുടേയും ലക്ഷദ്വീപിന്‍റെയും ചുമതലയാണ് ഉള്ളത്. എഐസിസിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
2001 മുതൽ 2011വരെ പഴയ നാട്ടികയിൽ നിന്നും 2011 മുതൽ 2016 വരെ കൊടുങ്ങല്ലൂരിൽ നിന്നുമാണ് ടി.എൻ. പ്രതാപൻ നിയമസഭയിലെത്തിയത്. 2019ൽ തൃശൂരിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. കെഎസ്‌യുവിലൂടെ പൊതുരംഗത്ത് വന്ന ടി.എൻ. പ്രതാപൻ യൂണിറ്റ് പ്രസിഡന്റ് മുതൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
കെപിസിസി മെമ്പർ, സെക്രട്ടറി, വർക്കിങ് പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ച ടിഎൻ പ്രതാപൻ ഇപ്പോൾ എഐസിസി അംഗം കൂടിയാണ്. മത്സ്യതൊഴിലാളി കോൺഗ്രസ് പ്രഥമ ദേശീയ അധ്യക്ഷനായിരുന്നു. സ്‌കൂൾ പാർലമെന്റ് അംഗം, എംഎൽഎ, എംപി സ്ഥാനങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ടി.എൻ പ്രതാപൻ മത്സരിച്ച ഒരു തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്.