KERALA

ഇന്ന് പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1500ാം ജന്മദിനം; വിപുലമായി ആഘോഷിക്കാൻ സുന്നി സംഘടനകൾ

വിശ്വാസികൾക്ക് അളവറ്റ ആവേശവും സന്തോഷവും നൽകുന്ന ദിവസം കൂടിയാണ് ഇന്ന്.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: ഇന്ന് നബിദിനം. ഇസ്ലാമിക കലണ്ടർ പ്രകാരം റബ്ബിഉല്‍ അവ്വല്‍ പന്ത്രണ്ടിനാണ് പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം. എ.ഡി 571ൽ മക്കയിലെ ഖുറൈശി ഗോത്രത്തിലെ പ്രസിദ്ധമായ ഹാശിം കുടുംബത്തില്‍ അബ്ദുല്ല, ആമിന ദമ്പതികളുടെ മകനായാണ് മുഹമ്മദ് നബി ജനിക്കുന്നത്. വിശ്വാസികൾക്ക് അളവറ്റ ആവേശവും സന്തോഷവും നൽകുന്ന ദിവസം കൂടിയാണ് ഇന്ന്.

മുഹമ്മദ് നബിയുടെ ആയിരത്തി അഞ്ഞൂറാമത് ജന്മദിനം ആഘോഷിക്കാൻ വിപുലമായ തയ്യാറെടുപ്പുകളാണ് സുന്നി സംഘടനകൾ നടത്തിയത്. ധാർമികവും മാനവികവുമായ ഒട്ടനവധി മൂല്യങ്ങളാണ് മുഹമ്മദ് നബി സമൂഹത്തിൽ പ്രചരിപ്പിച്ചത്.

മദീനയുടെ തെരുവിലൂടെ ജൂതനായ ഒരാളുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കടന്നുപോകുകയാണ്. അവിടെയുണ്ടായിരുന്ന പ്രവാചകൻ മുഹമ്മദ് നബി ആദരസൂചകമായി എഴുന്നേറ്റു നിന്നു. ആരോ ചോദിച്ചു, "അതൊരു ജൂതനല്ലേ?", ചെറുപുഞ്ചിരിയോടെ ചോദ്യം കേട്ട മുഹമ്മദ് നബി അതൊരു മനുഷ്യനല്ലേ എന്ന് മറുപടി നൽകി. മനുഷ്യരെ ഒരുപോലെ കാണണമെന്ന മുഹമ്മദ് നബിയുടെ കാഴ്ചപാടിന് ഉദാഹരണമായാണ് ഈ കഥ പലപ്പോഴും ഉദ്ധരിക്കപ്പെടാറ്.

ഗുണം ചെയ്യുന്നവരാണ് ഉത്തമ മനുഷ്യരെന്ന ആഹ്വാനം എല്ലാവരും ഏറ്റെടുക്കണമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നബിദിന സന്ദേശത്തിൽ പറഞ്ഞു. ഖുറാന്‍ പാരായണം, ദഫ് മുട്ട് , നബി ചരിത്ര വിവരണം, അന്നദാനം, ഘോഷയാത്രകള്‍ തുടങ്ങിയ പരിപാടികൾ ഉൾപ്പെട്ടതാണ് നബിദിന ആഘോഷം. ദഫ് മുട്ടാണ് നബിദിന ഘോഷയാത്രയുടെ പ്രധാനപ്പെട്ട ആകർഷണം. മദ്ഹ് ഗാനങ്ങൾക്കൊപ്പം ദഫിൽ താളമിട്ടുള്ള കുരുന്നുകളുടെ പ്രകടനങ്ങൾ ഘോഷയാത്രയെ വർണാഭമാക്കും. മദ്രസ അധ്യാപകരും മഹല്ല് ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം നൽകും.

കോഴിക്കോട് ടൗണിൽ വിവിധ സുന്നി സംഘടനകളുടെ നേതൃത്വത്തിൽ നബിദിന പരിപാടികൾ സംഘടിപ്പിക്കും. ടൗണ്‍ ഏരിയ സുന്നി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിന സന്ദേശ റാലി നടക്കും. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന റാലിയിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, എം.കെ. രാഘവൻ എം.പി, അഹമ്മദ് ദേവർകോവിൽ എംഎൽഎ എന്നിവർ പങ്കെടുക്കും.

SCROLL FOR NEXT