ശ്രീനാരായണ ഗുരു 
KERALA

അപരനെ മായ്ച്ച് അറിവിനെ സ്ഥാപിച്ച നാവികന്‍; ഇന്ന് ശ്രീനാരായണ ഗുരു ജയന്തി

വൈകിട്ട്‌ 6.30ന്‌ നടക്കുന്ന ജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഇന്ന് ചിങ്ങമാസത്തിലെ ചതയം, ശ്രീനാരായണ ഗുരുവിന്റെ 171ാം ജന്മദിനം. ജയന്തിയുടെ ഭാഗമായി നാടെങ്ങും വിവിധങ്ങളായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. ഗുരുവിൻ്റെ ജന്മഗൃഹമായ ചെമ്പഴന്തി വയൽവാരം വീട് സ്ഥിതി ചെയ്യുന്ന ചെമ്പഴന്തി ഗുരുകുലത്തിലും ശിവഗിരിയിലെ മഹാസമാധിയിലും വിപുലമായ ആഘോഷങ്ങൾ നടക്കും. ശ്രീനാരായണ ഗുരുകുലത്തിൽ വൈകിട്ട്‌ 6.30ന്‌ നടക്കുന്ന ജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

'അവനവനാത്മസുഖത്തിന്നായാചരിപ്പതു അപരനുമാത്മാസുഖത്തിന്നായിവരേണം' എന്ന മാനവിക ദർശനം മുന്നോട്ടുവച്ച ഗുരു കേരളത്തിലെ ജനതയുടെ സ്വത്വ നിർമാണത്തില്‍ ഒരു നാവികന്‍ കണക്കിന് നിലകൊണ്ടു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും മുന്നില്‍ നിന്ന ഗുരു മലയാളിയെ ആത്മീയമായും സാക്ഷരരാക്കി. അയിത്തം കൊണ്ട് ദൂരം പാലിച്ചിരുന്ന ഒരു സമൂഹത്തെ ഒരുമിച്ച് ചേർക്കുന്ന കണ്ണിയായ ഗുരു, മനുഷ്യന്‍ എന്ന ഒരു ജാതിയിലേക്ക് വളരാന്‍ മലയാളക്കരയോട് പറഞ്ഞു.

1856 ഓഗസ്റ്റ് 22 ന് (മലയാള വർഷം 1032 ചിങ്ങം) തിരുവനന്തപുരത്തിനടുത്തുള്ള ചെമ്പഴന്തി എന്ന ഗ്രാമത്തില്‍ മാടന്‍ ആശാന്റെയും കുട്ടിയമ്മയുടെയും മകനായിട്ടാണ് ജനനം. നാരായണനെ എല്ലാവരും സ്നേഹപൂർവം 'നാണു' എന്നാണ് വിളിച്ചുപോന്നിരുന്നത്. 15ാം വയസില്‍ അമ്മയെ നഷ്ടമായി. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 21ാം വയസില്‍ മധ്യ തിരുവിതാംകൂറിലെ പുതുപ്പള്ളി വാരണപ്പള്ളി കുടുംബത്തിലെ മഹാനായ സംസ്കൃത പണ്ഡിതനായ രാമൻ പിള്ള ആശാന്റെ ശിഷ്യനായി. തന്റെ ഗ്രാമത്തില്‍ തന്നെയുള്ള കാളിയമ്മയെ വിവാഹം ചെയ്തു. എന്നാല്‍ പിതാവിന്റെ മരണ ശേഷം ആത്മീയ അന്വേഷണങ്ങള്‍ക്കായി യാത്ര ആരംഭിച്ചു. ഈ യാത്രയിലാണ് അദ്ദേഹം ചട്ടമ്പി സ്വാമികളെ കാണുന്നതും അതുവഴി തൈക്കാട്ട് അയ്യാവിനെ പരിചയപ്പെടാന്‍ ഇടയാകുന്നതും. പിന്നീടുള്ള ഗുരുവിന്റെ ആത്മീയ ജീവിതത്തിന് ഊർജമായത് ഈ പരിചയപ്പെടലാണ്.

സന്യാസം സമൂഹത്തില്‍ നിന്ന് അകന്നുള്ള അന്വേഷണമാണെന്ന ചിന്താഗതി ആയിരുന്നില്ല ശ്രീനാരായണന് ഉണ്ടായിരുന്നത്. വൈദികതാന്ത്രിക സമ്പ്രദായങ്ങളുടെ വഴിവിട്ട് 1888 മുതൽ 1912വരെ ഗുരു വിവിധങ്ങളായ പ്രതിഷ്ഠകള്‍ നടത്തി. അതില്‍ അരുവിക്കരയിലെ ശിവനും കണ്ണാടി പ്രതിഷ്ഠയും ഉള്‍പ്പെടുന്നു. താന്‍ പ്രതിഷ്ഠിച്ചത് 'ഈഴവ ശിവനെ' ആണ് എന്ന് പറയാന്‍ ഗുരു മടിച്ചില്ല. കണ്ണാടി പ്രതിഷ്ഠയില്‍ വിശ്വാസികള്‍ കണ്ടത് അവരിലെ ദൈവത്വത്തെ തന്നെ. എന്തുകൊണ്ട് ഗുരു കുരിശ് സ്ഥാപിച്ചില്ല എന്നും ചോദ്യം ഉയർന്നു. "ഹിന്ദുമതവിശ്വാസികളായ ചിലർ നമ്മെ സമീപിച്ച്‌ അവരുടെ മതത്തിലെ ചില ബുദ്ധിമുട്ടുകൾ അറിയിച്ചു. അതിന്‌ പരിഹാരമായി നാം ചിലതു ചെയ്യുകയും ചെയ്തിട്ടുണ്ട്‌. അതുപോലെ ക്രിസ്ത്യാനികളോ മൊഹമ്മദീയരോ നമ്മെ സമീപിച്ചാൽ നമ്മാലാവുന്നത്‌ അവർക്കുവേണ്ടിയും ചെയ്യുന്നതാണ്‌," എന്നായിരുന്നു മറുപടി. ഇതില്‍ നിന്ന് തന്നെ ഗുരുവിന്റെ നിലപാട് വ്യക്തം.

ഗുരുവിന്റെ വാക്കിലും എഴുത്തിലും എന്നും കവിത നിറഞ്ഞു. ആ അരുവിയില്‍ നിന്നാണ് നമുക്ക് കുമാരനാശാനെ ലഭിച്ചത്.

'ദൈവമേ കാത്തുകൊള്‍കങ്ങു
കൈ വിടാതിങ്ങു ഞങ്ങളെ
നാവികന്‍ നീ ഭവാബ്ധിക്കോ
രാവിവന്‍തോണിനിന്‍പദം,' എന്ന ദൈവദശകത്തിലെ വരികളില്‍ തന്നെ എടുക്കാം. വാക്കില്‍ ഉണ്‍മ നിറയുന്നതിന്റെ മായക്കാഴ്ചയായിരുന്നു ഗുരുവിന്റെ വരികള്‍.

വിദ്യാലയങ്ങള്‍ നിർമിക്കാന്‍ ആവശ്യപ്പെട്ട് ആധുനികതയുടെ വാതിലുകളും ഒരു ജനതയ്ക്ക് മുന്നില്‍ അദ്ദേഹം തുറന്നിട്ടു. “വാദിക്കാനും ജയിക്കുവാനും അല്ല, അറിയാനും അറിയിക്കുവാനും ആണ് വിദ്യ,” എന്ന് ഗുരു പ്രഖ്യാപിച്ചു. 1903ല്‍ നാരായണ ധർമ്മ പരിപാലന യോഗം ആരംഭിച്ചു. ഈഴവരെ പ്രതിനിധീകരിക്കുന്ന സംഘടനയെന്ന് പരക്കെ പറയുമ്പോഴും കേരളത്തെ മൊത്തത്തിൽ വിഭാവനം ചെയ്ത ആദ്യത്തെ സംഘടന കൂടിയാണ് എസ്എന്‍ഡിപി യോഗം. നിരീശ്വരവാദികളും വിവിധ സാമുദായത്തില്‍പ്പെട്ടവരും ഗുരുവിന്റെ ആദർശങ്ങള്‍ക്ക് കീഴില്‍ യോഗത്തില്‍ അണിനിരന്നു.

1913ൽ അദ്ദേഹം ആലുവയിൽ അദ്വൈത ആശ്രമം സ്ഥാപിച്ചു. 1928ൽ ആരോഗ്യസ്ഥിതി വഷളായി അദ്ദേഹം കുറച്ച് മാസങ്ങൾ കിടപ്പിലായി. 1928 സെപ്റ്റംബർ 20ന് ഗുരു അന്തരിച്ചു. അറിവിന്റെ വലിയൊരു തുറസ്സ് നമുക്ക് മുന്നില്‍ തുറന്നിട്ട ശേഷമായിരുന്നു ആ മടക്കം.

ശ്രീനാരായണ ഗുരു ജയന്തിയുടെ ഭാഗമായി ശിവഗിരിയിലും അരുവിപ്പുറം, ആലുവ അദ്വൈതാശ്രമം എന്നിവിടങ്ങളിലും എസ്എൻഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ വിപുലമായ ആഘോഷങ്ങള്‍ നടക്കും. ശിവഗിരിയിൽ രാവിലെ ഏഴിന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും. 9.30ന് ജയന്തി സമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും. പകൽ 11.30ന് ‘ജയന്തി വിശ്വസാഹോദര്യ സമ്മേളനം’ മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. 171 നിര്‍ധനരോഗികള്‍ക്കുള്ള ചികിത്സാസഹായ വിതരണവും ഉണ്ടാകും. വൈകിട്ട് 5.30ന് മഹാസമാധിയിൽ നിന്ന് ജയന്തി ഘോഷയാത്ര ആരംഭിക്കും. സാമൂഹിക, കലാ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ നേതൃത്വത്തിൽ ദീപം തെളിയിക്കും.

SCROLL FOR NEXT