
ആഗോള അയ്യപ്പ സംഗമം ഇന്ത്യക്ക് തന്നെ നേട്ടം കൊണ്ട് വരുമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേവലം അയ്യപ്പ സംഗമം മാത്രമായി ഇതിനെ കാണരുത്. തെരഞ്ഞെടുപ്പിന് വേണ്ടി ആയിരുന്നേല്‍ നേരത്തെ ആകമായിരുന്നു. ശബരിമലയില്‍ നിലപാട് എടുത്തിട്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ എത്തിയില്ലേ എന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എത്തിയത് അയ്യപ്പ സംഗമത്തിന് ക്ഷണിക്കാനാണ്. ശബരിമലയെ ലോകം മുഴുവന്‍ അറിയാന്‍ ഉതകുന്ന തീരുമാനമാണിതെന്നും കക്ഷി രാഷ്ട്രീയവും സ്ത്രീവിഷയവും പറഞ്ഞ് ഇതിനെ എതിര്‍ക്കരുത് എന്നും വെള്ളാപ്പള്ളി പറഞ്ഞു.
അയ്യപ്പ സംഗമത്തെ ഭക്തജനങ്ങള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ബിജെപിക്കാര്‍ ഇതുവരെ എതിര്‍പ്പ് പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല സ്ത്രീ പ്രവശനത്തില്‍ കേസില്‍ പ്രതിയായവരെ അതില്‍ നിന്ന് ഒഴിവാക്കണമെന്ന് എസ്എന്‍ഡിപി നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ നിരപരാധികളും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതിപക്ഷം ചെയ്യുന്നത് കാടടച്ച് വെടിവെക്കല്‍ ആണ്. പ്രക്ഷോഭത്തിന് ശേഷം പിണറായി മുഖ്യമന്ത്രിയായത് 99 സീറ്റ് നേടിയാണ്. ശബരിമലയെ വിവാദ ഭൂമിയാക്കി മാറ്റരുത്. അയ്യപ്പ സംഗമം ഒരു പ്രായശ്ചിത്തമാണെന്ന് കൂട്ടിക്കോ എന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം ബദല്‍ അയ്യപ്പ സംഗമത്തിലൂടെ ബിജെപി ചെയ്യുന്നത് ശരിയായ കാര്യമല്ല. ബിജെപി എതിര്‍ത്തതുകൊണ്ട് കാര്യമില്ല. ജനങ്ങള്‍ ഇതിനെ നെഞ്ചിലേറ്റിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തെ മലബാര്‍ കലാപ വിവാദ പ്രസംഗത്തിലും വെള്ളാപ്പള്ളി പ്രതികരിച്ചു. പറഞ്ഞത് വര്‍ഗീയതയെങ്കില്‍ അങ്ങനെ തന്നെകൂട്ടിക്കോ. കുമാരനാശാന്റെ പുസ്തകം വായിച്ച് നോക്കിയിട്ട് വേണം സംസാരിക്കാന്‍. കെപിഎംഎസ് നിലപാട് നടക്കുന്ന കാര്യമല്ല. പിണറായി വിജയന്‍ പിന്തുണയ്ക്കുന്നത് താന്‍ പറയുന്നത് നേരായതുകൊണ്ടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.