തിരുവനന്തപുരം: വിഎസിൻ്റെ 102ാം ജന്മ വാർഷിക ദിനമാണിന്ന്. വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ്റെ വിടവാങ്ങലിന്റെ കയ്പ്‌രസമുള്ള ഒരു പിറന്നാൾ. സമരമുദ്രകൾ അണികളിൽ അവശേഷിപ്പിച്ചു കൊണ്ടാണ് വിഎസ് മടങ്ങിയത്. സമരാവേശത്തിന്റെ തീക്കനലൊടുങ്ങാത്ത ആയിരങ്ങൾ വിഎസിനെ മടക്കിയയച്ചത് നെഞ്ച് കീറിയ മുദ്രാവാക്യങ്ങളുമായാണ്. പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ ഒരു സമരാഗ്നിയായി വിഎസ് അവസാനിച്ചതിന് ശേഷമുള്ള ആദ്യ ജന്മ വാർഷികം മുൻപെങ്ങുമില്ലാത്ത ഒരു നോവ് പകരുന്നുണ്ട് മലയാളികളിൽ.
ജനക്കൂട്ടത്തിന്റെ ആരവവും സ്നേഹവും വിഎസിന് ഊർജമായിരുന്നു. അവർക്കുമുന്നിൽ പ്രായവും ശാരീരിക അവശതകളും മറക്കും. അങ്ങനെ ആ മഹായുസ്സ് പിന്നിട്ടത് ഒരു നൂറ്റാണ്ട് കാലമാണ്. വഴി കൃത്യമായിരുന്നു. ലക്ഷ്യവും. അടിസ്ഥാന വർഗത്തിന് വേണ്ടി ജീവിച്ച് അതിന്റെ എല്ലാ പ്രയാസങ്ങളും ഏറ്റുവാങ്ങി അനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്ന് വന്ന മനുഷ്യനാണ് വിഎസ്. അതിദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് ജനനം. വളരെ ചെറുപ്പത്തിലെ അനാഥത്വത്തിന്റെ വേദന. അതിൽ നിന്നുള്ള പലായനമായിരുന്നു വിഎസിന്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കുള്ള യാത്ര. ചുറ്റുമുള്ള അധസ്ഥിത വർഗത്തിന്റെ വേദന അത്രമേൽ പ്രയാസപ്പെടുത്തിയിരിക്കാം അദ്ദേഹത്തെ.
1938ൽ കൃഷ്ണപിള്ളയാണ് വിഎസിലെ സമരാഗ്നിയെ തിരിച്ചറിയുന്നത്. കൃഷ്ണപിള്ള വിശ്വസിച്ചേൽപ്പിച്ച കുട്ടനാടൻ ദൗത്യം മുതലിങ്ങോട്ട് അശരണരുടെ അവകാശ പോരാട്ടങ്ങൾക്കായി തൊഴിലാളികളെ സജ്ജരാക്കി. കമ്മ്യൂണിസത്തിലേക്ക് ആ ജീവിതം പരിപൂർണമായും ജ്ഞാനസ്നാനപ്പെട്ടു. അടിസ്ഥാന മനുഷ്യരുടെ പ്രശ്നങ്ങളിലും ഭൂപ്രശ്നങ്ങളിലും സ്ത്രീകളുടെ പ്രശ്നങ്ങളിലും ഒരു വിളിക്കിപ്പുറം വിഎസ് ഉണ്ടായിരുന്നു. 'അത് പരിശോധിക്കാം' എന്ന വാക്കുണ്ടായിരുന്നു, പാഴ്വാക്കല്ലാത്ത ഉറപ്പ്.
വിഎസ് മലയും കാടും കയറി ജനങ്ങളിലേക്ക് ചെന്നു. വയലേലകളിലെ, തൊഴിൽശാലകളിലെ സംഘർഷ ഭൂമികയിലേക്ക് നടന്നുകേറി. ആൾക്കൂട്ടങ്ങളോട് അവരുട ശൈലിയിൽ മിണ്ടിപ്പറഞ്ഞു. ഒരു രംക്ഷക ബിംബത്തെ പോലെ വിഎസ് നിലകൊണ്ടു. മിച്ചഭൂമി സമരത്തിലും, നെൽവയൽ സംരക്ഷണ സമരത്തിലും, കാടും മലയും കയ്യേറിയ ഇടങ്ങളിലുമെല്ലാം വിഎസ് എത്തി. ജുഡീഷ്യറിയെ ഉപയോഗപ്പെടുത്തി നീതിക്കായി പോരാടി. അധികാരത്തിൽ ഇരിക്കുമ്പോഴും അല്ലാത്തപ്പോഴും വിഎസ് നിതാന്തസമരമായി. കൊച്ചി മെട്രോയുടെ കാര്യത്തിലും, ഇൻഫോ പാർക്കിന് തുണയായ ജാഗ്രതയിലും, കൊച്ചിക്ക് കുതിപ്പേകിയതിന്റെ ആദ്യ പടികളുമെല്ലാം വിഎസ് കാലത്താണ്.
ഉലയാത്ത പോരാട്ടവീര്യവും ഇച്ഛാശക്തിയും കൈമുതലാക്കിയാണ് വിഎസ് പ്രസ്ഥാനത്തിലെ ഓരോ ചുവടും ചവിട്ടിക്കയറിയത്. മാർക്സിസത്തിൻ്റെ മാനവിക ചേതനയെ ഹൃദയത്തിലേറ്റിയ യാത്ര. അതിൽ നിന്നുള്ള വ്യതിയാനങ്ങളോടുള്ള കലഹമായിരുന്നു വിഎസ് ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തിന്റെ പൊരുൾ. ഉൾപ്പാർട്ടി കലഹങ്ങളിൽ തിരുത്തൽ ശക്തിയായി നിലകൊണ്ട വിഎസ് പലപ്പോഴും ഒറ്റയ്ക്ക് ഒരു പക്ഷമായി മാറി. വിഎസ് എന്ന വിമതത്വത്തിന് എക്കാലവും ജനപക്ഷത്തിന്റെ പിന്തുണ ഉണ്ടായി.
കാർക്കശ്യപട്ടം ചാർത്തപ്പെട്ടിരുന്നു വിഎസിന്റെ ചുമലിൽ പലപ്പോഴായി. അത് പക്ഷെ മനുഷ്യപറ്റിന്റെ വിട്ടുവീഴ്ചകളില്ലാത്ത കാർക്കശ്യമായിരുന്നു.102 വയസു വരെയുള്ള വിഎസ് കാലം നിരാലംബരായ മനുഷ്യർക്കുള്ള ഒരു അഭയകേന്ദ്രത്തിന്റെ നിലനിൽപ്പ് തന്നെയായിരുന്നു. അത് അവസാനിച്ചത് 2025 ജൂലൈ 21നാണ്. മനുഷ്യവിലാപങ്ങൾ, മുഷ്ടി ചുരുട്ടി നിലയ്ക്കാതെ ഉയരുന്ന മുദ്രാവാക്യങ്ങൾ, കേരളം ഒന്നാകെ ആ അന്ത്യയാത്രയെ പിന്തുടർന്നു. സങ്കടം ഉറഞ്ഞ മനസുമായി പണികഴിഞ്ഞ് വിയർപ്പാറാത്ത തൊഴിലാളികൾ, വയോധികർ, അച്ഛനമ്മമാരുടെ തോളിലേറി കുഞ്ഞു മുഷ്ടി ചുരുട്ടി കണ്ണേ കരളെ വിഎസേ എന്ന് ഏറ്റ് വിളിക്കുന്ന കുഞ്ഞുങ്ങൾ...
അങ്ങനെ വഴിയരികിലെല്ലാം വിഎസിനെ കാണാനെത്തിയവർ മനുഷ്യക്കടലായി. പോരാളികൾക്ക് മാത്രം ജനങ്ങൾ നൽകുന്ന യാത്രാമൊഴി. ആഹാരമില്ലായ്മയായിരുന്നു ഒരിക്കൽ എന്റെ ആരോഗ്യം. അണികളുടെ സഖാവേ എന്നൊരു വിളി അന്നും ഇന്നും എന്റെ വയറുനിറയ്ക്കുമെന്ന് ഒരിക്കൽ വിഎസ് പറഞ്ഞിട്ടുണ്ട്. വിഎസിന്റെ ഉള്ളം നിറച്ചു തന്നെയാണ് ജനങ്ങൾ മടക്കയാത്ര നൽകിയത്. സമര ഭൂമികകൾ പിന്നിട്ട് പുന്നപ്ര രണധീരരുടെ സ്മരണകളുറങ്ങുന്ന വലിയ ചുടുകാട്ടിൽ. ആ സമരകാലത്തെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങിയപ്പോൾ, നിലയ്ക്കാത്ത മുദ്രാവാക്യങ്ങൾ സാക്ഷ്യപ്പെടുത്തി ചരിത്രം ഒടുങ്ങുകയല്ലെന്ന്...