58 വർഷങ്ങൾക്ക് മുൻപ്, 1967ൽ സിപിഐഎം ആലപ്പുഴ ജില്ലാ ജോയിൻ്റ് സെക്രട്ടറി എൻ. ശ്രീധരൻ്റെ പേരിൽ ഒരു ക്ഷണക്കത്തെത്തി. പാർട്ടി പ്രവർത്തനമാണ് തന്റെ ജീവിതമെന്നും കല്യാണം അതിനൊരു തടസ്സമാകുമെന്നും ഉറച്ചു വിശ്വസിച്ചിരുന്ന വിഎസ് അച്യുതാനന്ദൻ്റെയും, സഖി വസുമതി സിസ്റ്ററുടേയും വിവാഹ ക്ഷണക്കത്തായിരുന്നു അത്. പാർട്ടി തന്നെ തീരുമാനിച്ചുറപ്പിച്ച കല്യാണമായതിനാലാവണം, അന്ന് എൻ. ശ്രീധരൻ്റെ പേരിൽ കല്യാണക്കത്ത് അച്ചടിച്ചുവന്നത്. അന്നത്തെ യുവാക്കൾ സാധാരണഗതിയിൽ 25 മുതൽ 30 വരെ വയസിനുള്ളിൽ വിവാഹിതരാകാറുണ്ടായിരുന്നു. എന്നാൽ വിഎസ് വിവാഹിതനാകുന്നത് 44ാം വയസിലാണ്. ആ വിവാഹത്തിന് പിന്നിൽ ഒരു കഥയുമുണ്ട്.
പഴയ കമ്യൂണിസ്റ്റ് നേതാക്കളെ പോലെ അവിവാഹിതനായി കഴിയണമെന്നായിരുന്നു വിഎസിൻ്റെ ആഗ്രഹം. രാഷ്ട്രീയ ജീവിതത്തിൻ്റെ ഭാഗമായെത്തുന്ന ജയിലും ഒളിവ് ജീവിതവുമെല്ലാം പങ്കാളിയെക്കൂടി ദുരിതത്തിലേക്ക് തള്ളിവിടരുതെന്ന ചിന്തയായിരുന്നു ഇവരെ വിവാഹത്തിൽ നിന്നും അകറ്റിയത്. വിഎസിൻ്റെ സഹപ്രവർത്തകരും മുതിർന്ന കമ്യൂണിസ്റ്റ് നേതാക്കളായ ആര്‍. സുഗതന്‍, സി. കണ്ണന്‍ എന്നിവർ അവിവാഹിതരായി കഴിഞ്ഞു. ഇതിൽ ആർ. സുഗതൻ തന്നെയാണ് പിന്നീട് വിഎസിൻ്റെ മനസ് മാറ്റിയത്.
അധ്യാപകൻ കൂടിയായിരുന്ന ആർ. സുഗതൻ, തൻ്റെ ജീവിതം പാർട്ടി പ്രവർത്തനത്തിനും പൊതു ജനസേവനത്തിനും വേണ്ടി മാത്രമായി നീക്കിവെച്ചിരിക്കുകയായിരുന്നു. 60ാം വയസിൽ അന്ത്യശ്വാസം എടുക്കും വരെ, ആർ. സുഗതൻ അനുഭവിച്ച പീഡകൾ വിഎസ് കൺമുന്നിൽ കണ്ടു. കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാത്ത ദുരിതം. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ പോലും പാർട്ടി പ്രവർത്തകരുടെ സഹായം തേടേണ്ട അവസ്ഥ. പരിചരിക്കാനും ആശ്വസിപ്പിക്കാനും ഭാര്യയോ കുടുംബമോ ഇല്ലാത്ത സ്ഥിതി. ആർ. സുഗതൻ്റെ അവസാന നാളുകൾ വിഎസിനെ വല്ലാതെ അലട്ടി. ആരോഗ്യം നശിക്കുന്ന കാലത്ത് തനിക്ക് തുണയാകാൻ ആരുണ്ടാകുമെന്ന ചോദ്യം അദ്ദേഹത്തിൻ്റെ മനസിലുയർന്നു. വയ്യാതാകുമ്പോൾ ഒരു തുണ നല്ലതല്ലേ എന്ന ചിന്തയിൽ നിന്നാണ് കല്യാണത്തിലേക്കെത്തുന്നതെന്ന് വിഎസ് തന്നെ ഒരിക്കൽ പറഞ്ഞിട്ടുമുണ്ട്.
ചേർത്തലയിലെ മുതിർന്ന സഖാവ് ടി.കെ. രാമൻ മുഖേനയാണ് വിഎസ് വസുമതിയെ ജീവിതസഖിയായി തിരഞ്ഞെടുത്തത്. ആലപ്പുഴ ജില്ലയിലെ കുത്തിയതോട് കോടുംതുരുത്ത് കൊച്ചുതറയിൽ കുഞ്ഞൻ - പാർവതി ദമ്പതികളുടെ മകൾ കെ. വസുമതി. അന്ന് സെക്കന്ദരാബാദ് ഗാന്ധി ആശുപത്രിയിൽ ജനറൽ നഴ്സിങ് വിദ്യാർഥിനിയായിരുന്നു അവർ. അച്ഛൻ മരിച്ചതിനാൽ കുടുംബത്തിന് താങ്ങാവാനായി വേഗം ജോലി നേടുക എന്നത് മാത്രം ലക്ഷ്യം വെച്ച വസുമതിയും വിവാഹത്തെക്കുറിച്ച് കാര്യമായി ചിന്തിച്ചിരുന്നില്ല.
തന്റെ ഭാവി വരനെ വസുമതി ആദ്യമായി കണ്ടുമുട്ടിയതിങ്ങനെയാണ്. കോടംതുരുത്തിലെ വി.എസിന്റെ പ്രസംഗം കേൾക്കാൻ ഏറ്റവും പിൻനിരയിൽ വസുമതിയുമുണ്ടായിരുന്നു. യോഗം കഴിഞ്ഞപ്പോൾ ടി.കെ. രാമൻ, വസുമതിക്ക് വിഎസിന്റെ ബാഗിൽ നിന്ന് ഒരു പാർട്ടി രേഖ നൽകുകയും ചെയ്തു. വിഎസ് പോയതിന് ശേഷം, ടി. കെ. രാമൻ വസുമതിയോട് ഇങ്ങനെ ചോദിച്ചു- "വി.എസിന്റെ പ്രസംഗം എങ്ങനെയുണ്ടായിരുന്നു". ആ ചോദ്യത്തിൻ്റെ അർഥം അന്ന് വസുമതിക്ക് പിടികിട്ടിയിരുന്നില്ല. എന്നാൽ അന്ന് തന്നെ പാർട്ടി നേതാക്കൾ വി.എസിന്റെ ജീവിത സഖിയായിയി വസുമതിയെ മനസ്സിൽ കണ്ടിരുന്നു.
1967ൽ ആദ്യമായി എംഎൽഎ സ്ഥാനത്തെത്തിയപ്പോൾ വിഎസ് വിവാഹിതനാകാൻ തീരുമാനിച്ചു. അന്നാണ് ജീവിതത്തിന് 'തീർച്ച മൂർച്ച' കിട്ടിയതെന്നാണ് വിഎസ് പറയാറുണ്ടായിരുന്നത്. പെണ്ണുകാണൽ ചടങ്ങില്ല, മുഹൂർത്തമില്ല, സ്വീകരണമോ, ആഭരണങ്ങളോ, സദ്യയോ ഇല്ല. 1967 ജൂലൈ 18ന് പരസ്പരം ഹാരങ്ങളണിയിച്ച് വി.എസ്. അച്യുതാനന്ദനും, കെ. വസുമതിയും വിവാഹതിതരായി.
പിന്നീട് വിഎസിന്റേയും വസുമതിയുടെയും 58 വിവാഹവർഷങ്ങൾ ആഘോഷങ്ങളില്ലാതെ കടന്നുപോയി. എന്നാൽ കഴിഞ്ഞ ജൂലൈ 18ലെ വിവാഹവാർഷികം പ്രത്യേകമായിരുന്നു. വിഎസിൻ്റെ തിരിച്ചുവരവിനായി കേരളമൊന്നടങ്കം ഒരേ മനസോടെ പ്രാർഥിച്ചിരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിൻ്റെ 58ാം വിവാഹവാർഷികദിനം എത്തുന്നത്. 'ഇന്ന് അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികം... പ്രതിസന്ധികൾ സമ്മാനിക്കുന്ന വേദനകൾക്കിടയിലും സ്നേഹത്തിന്റെ ഉണർത്തുകൾ, പ്രതീക്ഷകൾ... ' മകൻ വി. എ. അരുൺകുമാർ ആ ദിവസത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഇങ്ങനെ രേഖപ്പെടുത്തി. വിപ്ലവത്തിനിടെ വിശ്രമിക്കാൻ മറന്ന വിഎസിൻ്റെ ജീവിതത്തിലെ സ്നേഹത്തിൻ്റെ ഉണർത്ത് തന്നെയായിരുന്നു വസുമതി സിസ്റ്റർ.