കണ്ണൂർ: സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമ വാർഷിക ദിനം ഇന്ന്. കണ്ണൂർ പയ്യാമ്പലത്തും കോടിയേരിയിലെ വീട്ടിലും ഉൾപ്പെടെ അനുസ്മരണ പരിപാടികൾ നടക്കും. തലശ്ശേരിയിൽ മുഖ്യമന്ത്രി അനുസ്മരണ യോഗം ഉദ്‌ഘാടനം ചെയ്യും.
കണ്ണൂരിലെ കോടിയേരി... കാലക്രമേണെയത് കേരളത്തിന്റെ കോടിയേരിയായി. കോടിയേരിയിൽ ജനിച്ച ബാലകൃഷ്ണൻ എന്ന കമ്മ്യൂണിസ്റ്റ് ആ നാടിന്റെ പേര് കേരളത്തിന് പ്രിയപ്പെട്ടതാക്കുകയായിരുന്നു. ആരായിരുന്നു കോടിയേരി ബാലകൃഷ്ണൻ എന്നതിന് കേരള രാഷ്ട്രീയത്തിൽ നികത്തപ്പെടാതെ കിടക്കുന്ന ആ വിടവ് തന്നെയാണ് ഉത്തരം.
ആഭ്യന്തര മന്ത്രിയായും, പ്രതിപക്ഷ ഉപ നേതാവായും, സിപിഐഎം സംസ്ഥാന സെക്രട്ടറിയായും കേരള രാഷ്ട്രീയത്തിൽ കോടിയേരി ഉണ്ടായിരുന്ന കാലത്തിന് തിളക്കമേറെയാണ്. പ്രതിസന്ധികളെ, പ്രശ്നങ്ങളെ എങ്ങനെ നേരിടണമെന്നതിന് ഒരു കോടിയേരി ശൈലി തന്നെ ഉണ്ടായിരുന്നു. അത് കേരളം നേരിട്ട് കണ്ട നിമിഷങ്ങളും അനവധി. വിടവാങ്ങി മൂന്ന് വർഷം കഴിയുമ്പോഴും മറക്കപ്പെടാത്ത നേതാവിന്റെ രാഷ്ട്രീയ-വ്യക്തി ജീവിതം കണ്ണൂർ കോടിയേരിയിലെ വീട്ടിലൊരുക്കിയ മ്യൂസിയത്തിൽ നേരിട്ട് കാണാം.
കോടിയേരിക്ക് കുടുംബത്തേക്കാൾ വലുത് എന്നും പാർട്ടിയായിരുന്നു എന്ന് ഓർത്തെടുത്ത ബിനീഷ് രാഷ്ട്രീയക്കാരനായ അച്ഛൻ ഒരിക്കൽ പറഞ്ഞ വാക്കുകൾ ഇപ്പോൾ യാഥാർഥ്യമായെന്നും പറയുന്നു. കോടിയേരിയുടെ മക്കളായത് കൊണ്ടാണ് നിങ്ങളെ വേട്ടയാടുന്നത്, ഞാൻ ഇല്ലാതായാൽ ഇതൊന്നും ഉണ്ടാകില്ല എന്നതായിരുന്നു അത്. മൂന്നാം ചരമ വാർഷിക ദിനത്തിൽ വിപുലമായ അനുസ്മരണ പരിപാടികൾ നടക്കും. പയ്യാമ്പലത്തെ സ്മൃതി കുടീരത്തിലേക്കും കോടിയേരിയിലെ വീട്ടിലേക്കും നിരവധിപ്പേരാണ് എത്തുന്നത്.