മലപ്പുറം: നാടിനെ നടുക്കിയ കടലുണ്ടി ട്രെയിൻ ദുരന്തത്തിന് ഇന്ന് 25 വർഷം. ദുരന്തത്തിൽ 52 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 222 ലധികം ആളുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. കാൽ നൂറ്റാണ്ട് പിന്നിടുമ്പോഴും അപകട കാരണം ഇപ്പോഴും അവ്യക്തമാണ്. ദുരന്തത്തെ അതിജീവിച്ചവരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായവരും ആ ഇരുണ്ട ദിനം ഓർത്തെടുക്കുകയാണ്.
2001 ജൂൺ 22ന് ആണ് മംഗളൂരു–ചെന്നൈ എക്സ്പ്രസ് റെയിൽപാലത്തിനു മുകളിൽ നിന്നു പാളംതെറ്റി കടലുണ്ടിപ്പുഴയിൽ പതിച്ചത്. ഫറോക്ക് കഴിഞ്ഞാൽ പരപ്പനങ്ങാടിയിൽ മാത്രം സ്റ്റോപ്പുള്ള ട്രെയിൻ കടലുണ്ടി സ്റ്റേഷൻ വിട്ടു പാലത്തിലേക്ക് പ്രവേശിച്ച ശേഷം വൈകിട്ട് 5.15നായിരുന്നു അപകടം.
കടലുണ്ടിപ്പാലം കടന്ന ഉടനെ ഗർഡറുകൾ തകർന്ന് മുന്നിലെ 12 ബോഗികൾക്ക് ശേഷമുള്ള ആറു ബോഗികൾ പുഴയിലേക്കു വീഴുകയായിരുന്നു. അതിൽ രണ്ടെണ്ണം മണൽത്തിട്ടയിൽ തങ്ങിനിന്നു. വേലിയിറക്കം കാരണം പുഴയിൽ വെള്ളം നന്നായി കുറഞ്ഞതാണ് മരണനിരക്ക് കുറച്ചത്.
അപകടം നടന്നയുടനെ നാട്ടുകാരും മണൽത്തൊഴിലാളികളും മീൻപിടിത്തക്കാരുമെല്ലാം ഓടിയെത്തി രക്ഷാപ്രവർത്തനം തുടങ്ങി. ബേപ്പൂരിൽനിന്ന് ഖലാസികളുമെത്തി. അതൊരു കഠിനപ്രയത്‌നമായിരുന്നു. രക്ഷാപ്രവർത്തനത്തിനിടയിൽ ശക്തമായ മഴപെയ്തു. പക്ഷേ നാട്ടുകാർ തളർന്നില്ല.
കമ്പിപ്പാരയും മറ്റുമുപയോഗിച്ച് അഴികൾ അടിച്ചുപൊട്ടിച്ചു. എന്നിട്ടും ആദ്യദിവസംതന്നെ 43 പേർ മരിച്ചു. പലരും തിരിച്ചറിയാനാവാത്തവിധം ചിതറിപ്പോയിരുന്നു. തിരൂരങ്ങാടിയിലെയും പരിസരപ്രദേശങ്ങളിലെയും കോഴിക്കോട്ടെയും ആശുപത്രികൾ നിറഞ്ഞു.
വീഴ്ചയിലുണ്ടായ പരിക്കിലും ആഘാതത്തിലും ബോധംപോയാണ് പലരും വെള്ളം കുടിച്ചു മരിച്ചതെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. അപകടത്തിൽ കാണാതായ ചിലരെക്കുറിച്ച് ഇപ്പോഴും വിവരങ്ങളില്ല.