KERALA

പ്രതിപക്ഷ ഉപനേതൃ പദവി: നേതാക്കളുടെ വാക്പോരിൽ അതൃപ്തി പരസ്യമാക്കി ടി.പി. രാമകൃഷ്ണൻ; പിന്നോട്ടില്ല എന്ന നിലപാടിൽ ഉറച്ച് സിപിഐ

വിഷയത്തിൽ നേതാക്കൾ പ്രസ്താവനകൾ നടത്തുമ്പോൾ മിതത്വം പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ അധികാരത്തിൽ വന്ന് നൂറു ദിവസം പിന്നിടുമ്പോഴും പ്രതിപക്ഷത്ത് ഉപനേതൃ പദവിയെ ചൊല്ലിയുള്ള തർക്കം ഇപ്പോഴും തുടരുകയാണ്. വിഷയത്തിൽ സിപിഎമ്മിന്റെയും സിപിഐയുടെയും നേതാക്കൾ പരസ്പരം വാക്പോര് നടത്തുന്നതിൽ അതൃപ്തി പരസ്യമാക്കിയിരിക്കുകയാണ് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ രം​ഗത്തെത്തി. വിഷയത്തിൽ നേതാക്കൾ പ്രസ്താവനകൾ നടത്തുമ്പോൾ മിതത്വം പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ചർച്ചയിലൂടെയാണ് പ്രശ്നങ്ങൾ പരിഹരിക്കേണ്ടത്. ഇതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇക്കാര്യത്തിൽ സിപിഎമ്മിന്റെ നിലപാട് പറയേണ്ടത് സംസ്ഥാന സെക്രട്ടറിയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഉപനേതൃ പദവി സിപിഎമ്മിന് തന്നെയെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പരാമർശം മുൻപുണ്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിന്ന് വന്നതാണെന്നും ടി.പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

അതേസമയം പ്രതിപക്ഷ ഉപനേതൃ പദവിയിൽ നിന്ന് പിന്നോട്ടില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സിപിഐ. വിഷയം കൂടുതൽ ഗൗരവമായി ചർച്ച ചെയ്യാനാണ് നീക്കം. സെപ്റ്റംബർ ഒന്നിന് ഡൽഹിയിൽ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചേരാനാണ് ആലോചന. പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് ഇതുവരെ ഉണ്ടായ ചർച്ചകളും സിപിഎം നേതൃത്വത്തിന്റെ നിലപാടും യോഗം വിലയിരുത്തും. തുടർന്ന് സെപ്റ്റംബർ 2,3 തീയതികളിൽ നടക്കുന്ന ദേശീയ എക്സിക്യൂട്ടീവിൽ സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം അറിയിക്കും. വിഷയത്തിൽ കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്നാണ് പാർട്ടി വിലയിരുത്തൽ. ഉപനേതൃപദവി സംബന്ധിച്ച് നേരത്തെ ഉണ്ടായ ധാരണയിൽ നിന്ന് പിന്നോട്ടുപോകേണ്ട സാഹചര്യം അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് സിപിഐയിൽ ശക്തമാകുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലെ തീരുമാനം ഏറെ നിർണായകമാകും.

SCROLL FOR NEXT