ടി.പി. രാമകൃഷ്ണൻ Source: News Malayalam 24x7
KERALA

"വെള്ളാപ്പള്ളിയെ കണ്ണടച്ച് പിന്തുണയ്ക്കില്ല, തെറ്റ് വിമര്‍ശിക്കപ്പെടണം"; പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നും ടി.പി. രാമകൃഷ്ണന്‍

ശരി പറഞ്ഞാല്‍ അതിനൊപ്പവും തെറ്റ് പറഞ്ഞാല്‍ വിമര്‍ശിക്കുകയും ചെയ്യുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

Author : കവിത രേണുക

തിരുവനന്തപുരം: കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. പിണറായി വിജയന്റെ നേതൃത്വത്തില്‍ തുടര്‍ഭരണമുണ്ടാകുമെന്നും ടി.പി. രാമകൃഷ്ണന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.

കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് എത്തിക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും ഘടകകക്ഷികള്‍ക്ക് സീറ്റുകള്‍ വെട്ടിക്കുറയ്ക്കില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. ആന്റണി രാജുവിന്റെ അയോഗ്യത തെരഞ്ഞെടുപ്പില്‍ തിരിച്ചടി ആകില്ല. താന്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടി പറയുന്നത് അനുസരിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണ്ണടച്ച് പിന്തുണയ്ക്കില്ല. വെള്ളാപ്പള്ളിയുടെ എല്ലാ നിലപാടിനോടും എല്‍ഡിഎഫിന് യോജിപ്പില്ലെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

മുഖ്യമന്ത്രിയോടൊപ്പം വെള്ളാപ്പള്ളി യാത്ര ചെയ്തു എന്നത് ഒരു നയത്തിന്റെ മാറ്റമല്ല. വെള്ളാപ്പള്ളി നടേശന്‍ തെറ്റ് പറഞ്ഞാല്‍ വിമര്‍ശിക്കപ്പെടണം. ശരി പറഞ്ഞാല്‍ അതിനൊപ്പവും തെറ്റ് പറഞ്ഞാല്‍ വിമര്‍ശിക്കുകയും ചെയ്യുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയോടുള്ള നിലപാട് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും ടി.പി. രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. ജമാ അത്തെ ഇസ്ലാമിക്കെതിരായ സിപിഐഎം നിലപാട് മുസ്ലിം സമുദായത്തിനെതിരായ നിലപാടെന്ന നിലയില്‍ ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്റെ നൂറ് സീറ്റ് നേടുമെന്ന വാദത്തിനും എല്‍ഡിഎഫ് കണ്‍വീനര്‍ മറുപടി പറഞ്ഞു. എണ്ണം ആര്‍ക്കും പറയാമെന്നും അധികാരം തിരിച്ച് പിടിച്ചിട്ട് എന്ത് ചെയ്യുമെന്ന് അവര്‍ പറയുന്നില്ലെന്നും ടിപി രാമകൃഷ്ണന്‍ പരിഹസിച്ചു.

SCROLL FOR NEXT