കോഴിക്കോട്: ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും കല്ലുത്താൻകടവിലെ പുതിയ പഴം പച്ചക്കറി മാർക്കറ്റ് പൂർണതോതിൽ സജ്ജമായിട്ടില്ല. നിർമാണം പൂർത്തിയാകാതെ ഉദ്ഘാടനം നടത്തിയത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമായിരുന്നു എന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. നിലവിൽ പാളയത്ത് നിന്നും ഒരു വ്യാപാരസ്ഥാപനം പോലും പുതിയ മാർക്കറ്റിലേക്ക് മാറിയിട്ടില്ല. പുതിയ കെട്ടിടത്തിൽ ഇപ്പോഴും നിർമാണ പ്രവർത്തികളും തുടരുകയാണ്.
2025 ഒക്ടോബർ 21നാണ് അത്യാധുനിക സംവിധാനങ്ങളോടെ കോഴിക്കോട് കല്ലുത്താൻ കടവിൽ നിർമിച്ച ‘ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ്' മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചത്. മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനെതിരെ ഒരു വിഭാഗം വ്യാപാരികളും തൊഴിലാളികളും വർഷങ്ങളായി തുടരുന്ന പ്രതിഷേധങ്ങൾക്കിടയിലായിരുന്നു ഉദ്ഘാടനം. ഔദ്യോഗിക ഉദ്ഘാടനം നടന്ന് രണ്ട് മാസങ്ങൾക്കുള്ളിൽ കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് പൂർണതോതിൽ സജ്ജമാകും എന്നതായിരുന്നു വാഗ്ദാനം. നിലവിൽ വ്യാപാര സ്ഥാപനങ്ങളിൽ ഒന്നുപോലും പുതിയ മാർക്കറ്റിൽ പ്രവർത്തന ക്ഷമമായിട്ടില്ല. നിർമാണ പ്രവർത്തികൾ ഇപ്പോഴും നടക്കുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തിയ ഇലക്ഷൻ സ്റ്റണ്ട് മാത്രമായിരുന്നു പുതിയ മാർക്കറ്റിൻ്റെ ഉദ്ഘാടനം എന്നാണ് ബിജെപി ആരോപണം. വ്യാപാരികളുടെ നിലപാടിനൊപ്പമാണ് യുഡിഎഫ് എന്നും വ്യാപാരികളെ നിർബന്ധിച്ച് പുതിയ മാർക്കറ്റിലേക്ക് മാറ്റാൻ ശ്രമിച്ചാൽ പ്രതിഷേധവുമായി ഇറങ്ങുമെന്നും യുഡിഎഫ് നേതാക്കൾ പറയുന്നു.
കല്ലുത്താൻ കടവിലെ അഞ്ചര ഏക്കർ സ്ഥലത്താണ് പുതിയ മാർക്കറ്റ് നിർമിച്ചത്. കോർപറേഷൻ്റെ പിപിപി മാതൃകയിലുള്ള പദ്ധതിയിൽ ബിഒടി അടിസ്ഥാനത്തിൽ നിർമാണം പൂർത്തിയാക്കിയത് കല്ലുത്താൻ കടവ് ഏരിയ ഡെവലപ്മെൻ്റ് കമ്പനിയാണ്. 2009ൽ തറക്കല്ലിട്ട പദ്ധതിക്ക് കോർപറേഷൻ 30 കോടി രൂപ ചെലവിൽ സ്ഥലം നൽകി. 100 കോടി രൂപ ചെലവഴിച്ചാണ് മാർക്കറ്റ് നിർമാണം പൂർത്തിയാക്കിയത്. അവശേഷിക്കുന്ന പണികൾ കൂടി പൂർത്തിയാക്കി ന്യൂ മാർക്കറ്റ് ഉടൻ തന്നെ വ്യാപാരികൾക്കായി തുറന്ന് നൽകണം എന്ന ആവശ്യമാണ് ഉയരുന്നത്.