കുമ്മാട്ടി പാലത്തിലൂടെയുള്ള ഗതാഗതം നിരോധനം 
KERALA

കുമ്മാട്ടി പാലത്തിലൂടെയുള്ള ഗതാഗത നിരോധനം: അതിരപ്പിള്ളി-മലക്കപ്പാറ വിനോദസഞ്ചാരികൾ ദുരിതത്തിൽ

പാലം പുനർനിർമിക്കാൻ നടപടികൾ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാരുടെ പരാതി.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: അതിരപ്പിള്ളി-മലക്കപ്പാറ അന്തർ സംസ്ഥാന പാതയിൽ കുമ്മാട്ടി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതോടെ പ്രദേശവാസികളും വിനോദ സഞ്ചാരികളും ദുരിതത്തിൽ. പാലം തകർന്നതിനെ തുടർന്ന് ആറ് മാസം മുൻപാണ് ഗതാഗതത്തിന് വിലക്ക് ഏർപ്പെടുത്തിയത്. താത്കാലികമായി നിർമിച്ച സമാന്തര പാതയും അപകടത്തിലായിട്ടും പാലം പുനർനിർമിക്കാൻ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

അന്തർ സംസ്ഥാന യാത്രക്കാരും വിനോദ സഞ്ചാരികളും ഉപയോഗിക്കുന്ന പ്രധാന പാതയാണ് അതിരപ്പള്ളി-മലക്കപ്പാറ റോഡ്. ദിവസേന നൂറിലേറെ വാഹനങ്ങൾ കടന്ന് പോകുന്ന റോഡിലെ പ്രധാന പാലമായിട്ടും കുമ്മാട്ടി പാലം അടഞ്ഞ് കിടക്കുകയാണ്.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പാലം അപകടാവസ്ഥയിലായത്. ആദ്യഘട്ടത്തിൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസുകൾ യാത്രക്കാരെ ഇറക്കി കടത്തിവിട്ടിരുന്നു. പിന്നീട് അപകട സാധ്യത വർധിച്ചതോടെ ഗതാഗതം പൂർണമായി നിരോധിച്ചു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും പാലം പുനർ നിർമിക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.

വനം വകുപ്പിൻ്റെ അനുമതിയോടെ സമാന്തര മൺപാത നിർമിച്ചാണ് ഇതുവരെ പ്രശ്നം പരിഹരിച്ചിരുന്നത്. എന്നാൽ വേനൽ മഴയിൽ തന്നെ ബലക്ഷയം സംഭവിച്ച ഈ മൺപാത വർഷകാലത്ത് പൂർണമായും ഒലിച്ച് പോകുമെന്നാണ് ആശങ്ക. ഇത് മലക്കപ്പാറയിലേക്കുള്ള മുഴുവൻ യാത്രക്കാരെയും ബാധിക്കും.

കഴിഞ്ഞ വർഷം നവംബർ 10നകം പാലത്തിൻ്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കണമെന്ന് ജില്ലാ കളക്ടർ നേരത്തെ കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ നാളിതുവരെ അത് പാലിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. വനം വകുപ്പിൻ്റെ അനുമതി ലഭിക്കാൻ വൈകിയത് ആദ്യഘട്ടത്തിൽ തടസമായിരുന്നെങ്കിലും അത് ലഭിച്ചിട്ടും തുടർനടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്.

SCROLL FOR NEXT