തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്കൂളുകളിലെ പ്രഥമ അധ്യാപകരെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെയും ചട്ടങ്ങൾ പാലിക്കാതെ സ്ഥലം മാറ്റിയതായി പരാതി. ഓൺലൈൻ സ്ഥലംമാറ്റ മാനദണ്ഡങ്ങൾ പാലിക്കാതെ 26 ഉദ്യോഗസ്ഥരെയാണ് വിദ്യാഭ്യാസ വകുപ്പ് സ്ഥലം മാറ്റിയത്.
സെൻസസ് പ്രവർത്തനങ്ങൾ മൂലം താൽക്കാലികമായി നിർത്തിവച്ച അധ്യാപകരുടെ സ്ഥലംമാറ്റ നടപടികൾ കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ വകുപ്പ് പുനരാരംഭിച്ചത്. ഈ വർഷം മെയിൽ തയ്യാറാക്കിയ സീനിയോറിറ്റി ലിസ്റ്റ് പ്രകാരം തുടർ നടപടികൾ സ്വീകരിക്കാനായിരുന്നു വകുപ്പിൻ്റെ നിർദ്ദേശം.
ഈ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ 26 ഉദ്യോഗസ്ഥരെ കൂട്ടമായി സ്ഥലം മാറ്റിയതിൽ അഴിമതി ഉണ്ടെന്നാണ് ഉയരുന്ന ആരോപണം. ഹൈസ്കൂൾ പ്രഥമ അധ്യാപകരെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെയും ഓൺലൈൻ നടപടി ക്രമങ്ങൾ അട്ടിമറിച്ചാണ് സ്ഥലംമാറ്റിയത്.
ഇടതുപക്ഷ അധ്യാപക സംഘടനയായ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും പാലക്കാട്, ത്യത്താല എഇഒയുമായ കെ. പ്രസാദും സ്ഥലം മാറ്റം ലഭിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. നിലവിലെ മാനദണ്ഡങ്ങൾ അനുസരിച്ച് പരസ്പരമുള്ള സ്ഥലം മാറ്റങ്ങൾ ചട്ടവിരുദ്ധമാണ്. ഈ സാഹചര്യത്തിൽ പ്രസാദിനോട് അടക്കം പ്രതികാര നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്നാണ് ആരോപണം.
മ്യൂച്ചൽ ട്രാൻസ്ഫറുകൾ കടുത്ത സാമ്പത്തിക അഴിമതിക്ക് കാരണമാകുമെന്നും കെഎസ്ടിഎ ചൂണ്ടിക്കാണിക്കുന്നു. അധ്യയന വർഷം പകുതി ആയിരിക്കെ അധ്യാപകരുടെ സ്ഥലംമാറ്റം അക്കാദമിക് പ്രവർത്തനങ്ങളെയും വരാനിരിക്കുന്ന മേളകളെയും ദോഷകരമായി ബാധിക്കും. അപേക്ഷകൾ നൽകാതെ അധ്യാപകരെ വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുന്നത് കടുത്ത മാനസിക സമ്മർദം സൃഷ്ടിക്കാനും കാരണമാകും.
അതേസമയം കെ. പ്രസാദ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതിന് പിന്നാലെ സ്ഥലംമാറ്റം കോടതി രണ്ടാഴ്ചത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കും വരെ സംസ്ഥാനതലത്തിൽ ശക്തമായി പ്രതിഷേധിക്കാനാണ് കെഎസ് ടിഎയുടെ തീരുമാനം. എന്നാൽ ഭരണ സൗകര്യർത്ഥമാണ് നടപടി എന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന വിശദീകരണം.