പത്തനംതിട്ട: ആറന്മുള ക്ഷേത്രത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് വള്ളസദ്യ നടത്തുന്നതിനെതിരെ പ്രതിഷേധവുമായി പള്ളിയോട സേവാസംഘം. ദേവസ്വം ബോർഡ് സദ്യ നടത്തിയാൽ പാരമ്പര്യം തെറ്റുമെന്നാണ് വാദം. 250 രൂപ നിരക്കിൽ സദ്യ നടത്തി ബോർഡ് വള്ളസദ്യയെ വാണിജ്യവൽക്കരിക്കുന്നുവെന്നും പള്ളിയോട സേവാസംഘം കുറ്റപ്പെടുത്തി. എന്നാൽ വള്ളസദ്യയെ ജനകീയവൽക്കരിക്കുകയാണ് ദേവസ്വം ബോർഡ് ചെയ്തതെന്ന് പ്രസിഡൻറ് പി.എസ്. പ്രശാന്ത് മറുപടി നൽകി.
വള്ളസദ്യ ബുക്ക് ചെയ്യുന്നതിൽ നിന്ന് ലഭിക്കുന്ന തുക പള്ളിയോട സേവാ സംഘത്തിന് തന്നെ നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭക്തരുടെ സൗകര്യത്തിനാണ് ബുക്കിങ് ഏർപ്പെടുത്തിയത്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ഭക്തരുടെ വലിയ ആഗ്രഹമാണ് ആറന്മുള വള്ളസദ്യ ക്ഷേത്ര സന്നിധിയിൽ വെച്ച് കഴിക്കുക എന്നുള്ളത്. ഭക്തരുടെ ഈ ആവശ്യത്തെ സാക്ഷാത്കരിക്കാൻ വേണ്ടിയാണ് 250 രൂപ ഈടാക്കി മുൻകൂർ കൂപ്പൺ നൽകി വള്ളസദ്യയിലെ വിഭവങ്ങൾ എല്ലാം ഉൾപ്പെടുത്തിയ സദ്യ ക്ഷേത്ര സന്നിധിയിൽ വച്ച് നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്. സദ്യ ഒന്നിന് ഭക്തരുടെ കയ്യിൽ നിന്ന് ഈടാക്കുന്ന 250 രൂപയും പള്ളിയോട സേവാ സംഘത്തിന് തന്നെ നൽകുന്ന രീതിയിലാണ് കാര്യങ്ങൾ ആലോചിച്ചു തീരുമാനിച്ച് മുന്നോട്ടുപോകുന്നതെന്നും പി.എസ്. പ്രശാന്ത് അറിയിച്ചു.
ചർച്ച ചെയ്ത് എല്ലാ കാര്യങ്ങളും തീരുമാനിച്ച ശേഷം പിന്നീട് കൂടിയാലോചന നടത്തിയില്ല, തീരുമാനത്തെ പറ്റി അറിയില്ല എന്നുള്ള പള്ളിയോട സേവാ സംഘത്തിന്റെ നിലപാട് നിരാശജനകമാണെന്ന് പി.എസ്. പ്രശാന്ത് പറഞ്ഞു. ഈ വിഷയത്തിൽ വിവാദങ്ങൾ അവസാനിപ്പിച്ച് ഭക്തർക്ക് മികച്ച സൗകര്യം ഒരുക്കുന്നതിന് പള്ളിയോട സേവാ സംഘവും ക്ഷേത്ര ഉപദേശക സമിതിയും തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് സഹകരിക്കും എന്ന് തന്നെയാണ് ദേവസ്വം ദേവസ്വം ബോർഡിന്റെ പ്രതീക്ഷയെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.