വെള്ളാപ്പള്ളിയെ സംരക്ഷിക്കാൻ സർക്കാർ കാണിക്കുന്ന വ്യഗ്രത ദുരൂഹം, മന്ത്രിമാർ സ്തുതിപാഠകരായി മാറുന്നു: ശ്രീനാരായണ സേവാ സംഘം
കൊച്ചി: എസ്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സംരക്ഷിക്കാൻ സർക്കാർ കാണിക്കുന്ന വ്യഗ്രത ദുരൂഹമെന്ന് ശ്രീനാരായണ സേവാ സംഘം. മന്ത്രിമാരും ജനപ്രതിനിധികളും വെള്ളാപ്പള്ളിയുടെ സ്തുതി പാഠകരായി മാറുന്നു. മകന് കേന്ദ്രത്തിൽ അധികാരം നേടികൊടുക്കുന്നതിന് ബിജെപിയെ പ്രീണിപ്പിക്കുകയാണ് വെള്ളാപ്പള്ളി. നവോത്ഥാന സമിതിയുടെ ചെയർമാൻ സ്ഥാനത്ത് വെള്ളാപ്പള്ളിയെ തുടരാൻ അനുവദിക്കുന്നത് പ്രബുദ്ധ കേരളത്തോടുള്ള വെല്ലുവിളിയാണ്. മുസ്ലീം സമുദായത്തിന് മേൽ വെള്ളാപ്പള്ളി കുതിര കയറുകയാണെന്നും ശ്രീനാരായണ സേവാ സംഘം വിമർശിച്ചു .
വെള്ളാപ്പള്ളി നടേശൻ്റേത് 29 വർഷത്തെ കിരാത വാഴ്ചയെന്നാണ് ശ്രീനാരായണ സേവാ സംഘത്തിന്റെ വിമർശനം. മുസ്ലീം സമുദായവും മുസ്ലീം ലീഗും സാമൂഹിക നീതിയുടെ കാവൽ ഭടൻമാരാണ്. ജാതി സെൻസസ് നടപ്പാക്കണമെന്ന് മുസ്ലീം സമുദായം നിലപാട് എടുത്തപ്പോൾ വെള്ളാപ്പള്ളി ആർക്കോ വേണ്ടി കുഴലൂത്ത് നടത്തി. സവർണ സംവരണ നിയമം പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ ചെറുത്തത് മുസ്ലീം ലീഗും മുസ്ലീം സമുദായവുമാണെന്നും ശ്രീനാരായണ സേവാ സംഘ കൂട്ടിച്ചേർത്തു.
എസ്എൻ ട്രസ്റ്റിൻ്റെ മൂന്ന് ആശുപത്രികൾ വെള്ളാപ്പള്ളി നടേശൻ വിറ്റു തുലച്ചതായി ശ്രീനാരായണ സേവാ സംഘം വിമർശിച്ചു. മൈക്രോ ഫിനാൻസ് വായ്പാ തട്ടിപ്പുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വെള്ളാപ്പള്ളി. വെള്ളാപ്പള്ളി നടേശനെ സംരക്ഷിക്കാൻ സർക്കാർ കാണിക്കുന്ന വ്യഗ്രത ദുരൂഹമാണെന്നും ഇന്ന് ഈഴവ സമുദായം രാഷ്ട്രീയത്തിൽ ഇല്ലാതായെന്നും സംഘം ചൂണ്ടിക്കാണിച്ചു.
കോട്ടയത്ത് നടന്ന എസ്എന്‍ഡിപി നേതൃസംഗമം പരിപാടിയിലെ വെള്ളാപ്പള്ളി നടേശന്റെ പ്രസംഗമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. മുസ്ലീം ജനസംഖ്യ കേരളത്തിൽ വർധിക്കുകയാണെന്നും ഈഴവ സമുദായത്തിന് പ്രാധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരമാർശം. കാന്തപുരം പറയുന്നത് കേട്ട് ഭരിച്ചാൽ മതിയെന്ന സ്ഥിതിയാണ് കേരള സർക്കാരിനെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇതാണ് വിമർശനങ്ങള്‍ക്ക് കാരണമായത്. വിമർശനം ഉയർന്നിട്ടും ഈ നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സമീപനമാണ് വെള്ളാപ്പള്ളി സ്വീകരിച്ചത്.
