മത്സ്യബന്ധന തൊഴിലാളികള്‍ Source: News Malayalam 24x7
KERALA

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അർധരാത്രി മുതൽ; 10 ദിവസത്തെ ഇളവ് അനുവദിക്കണമെന്ന് മത്സ്യ തൊഴിലാളികൾ

കാലവസ്ഥാ വ്യതിയാനവും, ഇന്ധന വില വർധനവും മത്സ്യമേഖലയ്ക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നതിനിടെയാണ് കപ്പലപകടം കൂടി എത്തിയത്

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് നാളെ അർധരാത്രി മുതൽ ട്രോളിങ് നിരോധനം ആരംഭിക്കും. ട്രോളിങ് ബോട്ടുകൾക്ക് 52 ദിവസത്തേക്കാണ് മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. കപ്പലപകടവും, കാലാവസ്ഥാ വ്യതിയാനവും തൊഴിൽ ദിനങ്ങളെ ബാധിച്ചതിനാൽ പത്ത് ദിവസത്തെ ഇളവ് അനുവദിക്കണമെന്നാണ് മത്സ്യ തൊഴിലാളികളുടെ ആവശ്യം.

കാലവസ്ഥാ വ്യതിയാനവും, ഇന്ധന വില വർധനവും മത്സ്യമേഖലയ്ക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നതിനിടെയാണ് കപ്പലപകടം കൂടി എത്തിയത്. ഇതോടെ തെക്കൻ തീരമേഖലയിലെ മത്സ്യ തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ നഷ്ടമായി. നിലവിൽ ഭൂരിഭാഗം മത്സ്യ തൊഴിലാളികളും ദുരിതത്തിലാണ്. ട്രോളിങ് നിരോധനം കൂടി എത്തുന്നതോടെ മേഖല കൂടുതൽ പ്രതിസന്ധിയിലേക്ക് കടക്കും.

നാലായിരത്തി ഇരുന്നൂറിലധികം വരുന്ന ട്രോളിങ് ബോട്ടുകൾ നാളെ അർധരാത്രി മുതൽ കടലിൽ പോകില്ല. അയൽ സംസ്ഥാനത്തെ ബോട്ടുകൾ നിരോധനത്തിന് മുന്നേ തീരം വിട്ടു പോകണമെന്നാണ് നിർദേശം. പരമ്പരാഗത മത്സ്യ തൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്താം.

അതേസമയം, സൗജന്യ റേഷനും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്നാണ് സർക്കാർ വാഗ്ദാനം. മുൻ വർഷങ്ങളേക്കാൾ പരിഗണന വേണമെന്നാണ് മത്സ്യ തൊഴിലാളികളുടെ ആവശ്യം. യാനങ്ങളുടെ നവീകരണത്തിന് പലിശരഹിത വായ്പ അനുവദിക്കണമെന്നും ബോട്ടുടമകൾ ആവശ്യപ്പെടുന്നു.

SCROLL FOR NEXT