പാലക്കാട്: സമസ്തയിൽ മരം മുറി വിവാദം. സമസ്ത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള അട്ടപ്പാടിയിലെ അഞ്ചര ഏക്കർ ഭൂമിയിൽ നിന്നാണ് മരം മുറിച്ചത്. നൂറാം വാർഷിക ഉപഹാരമായി സമസ്ത ഇസ്ലാമിക് സെന്റർ പ്രഖ്യാപിച്ച ആക്സസ് പദ്ധതി മേഖലയിൽ നിന്നാണ് മരം മുറിച്ചു കടത്തിയത്.
സൂക്ഷിക്കാൻ ഏൽപ്പിച്ചവർ തന്നെ മരം മുറിച്ചെന്ന് പരാതിയിൽ പറയുന്നു. അന്വേഷണം ആവശ്യപ്പെട്ട് സമസ്തയിലെ ഒരു വിഭാഗം രംഗത്തെത്തി. ലക്ഷങ്ങൾ വിലമതിക്കുന്ന തടികൾ അനുവാദമില്ലാതെ കടത്തിയെന്നും ആരോപണമുണ്ട്. സമസ്തയുടെ മുഫത്തിശുമാരായ രണ്ട് പേർക്കെതിരെ നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം. മരം മുറിക്കാൻ വിദ്യാഭ്യാസ ബോർഡ് പ്രസിഡണ്ടിന്റെ പേരിൽ കള്ള ഒപ്പ് ഇട്ടന്നും പരാതിയിൽ പറയുന്നു. നടപടി ആവശ്യപ്പെട്ട് എസ്ഐസി സൗദി ഘടകം, സമസ്ത വിദ്യാഭ്യാസ ബോർഡിന് അയച്ച കത്ത് പുറത്തുവന്നു.