ഇടുക്കി: മൂന്നാറിൽ യാത്രക്കാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് ടാക്സി ഡ്രൈവർമാരെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പരാതിയിൽ നടപടി എടുക്കാത്തതിൽ രണ്ട് പൊലീസുകാരെയും ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തു. സംഭവത്തിൽ മൂന്നാർ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
മൂന്നാറിലെ ടാക്സി ഡ്രൈവർമാരിൽ നിന്ന് നേരിട്ട ദുരനുഭവം മുംബൈ സ്വദേശിനിയായ വിനോദസഞ്ചാരി സമൂഹമാധ്യമങ്ങളിൽ വീഡിയോ സഹിതം പോസ്റ്റ് ചെയ്തതോടെയാണ് സംഭവം ചർച്ചയായത്. ജാൻവി എന്ന യുവതിയാണ് ഒക്ടോബർ 30ന് മൂന്നാർ സന്ദർശിക്കാനായി ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്തെത്തിയത്.
എന്നാൽ മൂന്നാർ കവാടത്തിൽ വെച്ച് തന്നെ ജാൻവിയുടെ കാർ അഞ്ച് പേര് അടങ്ങുന്ന സംഘം തടയുകയും പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. ഓൺലൈൻ ടാക്സികൾക്ക് മൂന്നാറിൽ നിരോധനം ഉണ്ടെന്ന കോടതി ഉത്തരവ് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് വിനോദസഞ്ചാരിയെ പുറത്തിറക്കിയത്. ഈ സമയം സഹായത്തിനായി വിളിച്ച പൊലീസ് സ്ഥലത്തെത്തി നോക്കുകുത്തികളായെന്നും ടാക്സി യൂണിയനൊപ്പം നിലപാട് എടുത്തെന്നും ജാൻവി പരാതിപ്പെട്ടു.
സംഭവം വിവാദമായതോടെ മൂന്നാർ പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു. തുടർന്ന് വൈകീട്ടോടെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. മൂന്നാർ സ്വദേശികളായ വിനായകൻ, വിജയകുമാർ എന്നിവരാണ് അറസ്റ്റിൽ ആയത്. രണ്ടുപേരെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. കേസിൽ ഒരാളെ കൂടി പിടികൂടാൻ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
യുവതി പരാതി പറഞ്ഞ സമയത്ത് സംഭവസ്ഥലത്തെത്തിയ മൂന്നാർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സാജു പൗലോസ് , ഗ്രേഡ് എസ്ഐ ജോർജ് കുര്യൻ എന്നിവരെ ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തു. കൃത്യവിലോപത്തിനാണ് നടപടിയെടുത്തിരിക്കുന്നത്. യുവതി പിന്നീട് ടാക്സി ഡ്രൈവർമാരുടെ ഭീഷണിക്ക് വഴങ്ങി മൂന്നാറിലെ മറ്റൊരു ടാക്സിയിൽ യാത്ര തുടരുകയായിരുന്നു. എന്നാൽ വഴിമധ്യേ വീണ്ടും ഭീഷണി ഉണ്ടായതിനെ തുടർന്ന് യുവതി യാത്ര മതിയാക്കി മടങ്ങുകയായിരുന്നു. സംഭവത്തിൽ ഭീതി ഉണ്ടായതിനാൽ ഇനി മൂന്നാറിലേക്ക് ഇല്ലെന്നും യുവതി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.
മുംബൈയിൽ അസിസ്റ്റന്റ് പ്രഫസറായി ജോലി ചെയ്യുകയാണ് ജാൻവി. യുവതിയുടെ മൊഴിയെടുക്കാൻ മൂന്നാർ പൊലീസ് ശ്രമിക്കുന്നുണ്ട്. മൊഴി നൽകാൻ യുവതി തയ്യാറായാൽ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും. മൂന്നാറിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സമാന സംഭവങ്ങളിൽ സന്ദർശകരുമായെത്തിയ ഓൺലൈൻ ടാക്സി ഡ്രൈവർമാർക്കു പ്രദേശവാസികളിൽ നിന്നു മർദനമേറ്റിട്ടുണ്ട്. ന്നാർ സൗന്ദര്യം ആസ്വദിക്കാൻ കെഎസ്‌ആർടിസി ഡബിൾ ഡക്കർ ബസ്സ് നിരത്തിലിറക്കിയപ്പോൾ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറിനെതിരെയും പ്രതിഷേധവുമായി ടാക്സി ഡ്രൈവർമാരുടെ സംയുക്ത യൂണിയൻ രംഗത്തെത്തിയിരുന്നു.