പാലക്കാട്: മനിശേരിയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഷൊർണൂരിൽ നിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
പനമണ്ണ സ്വദേശി വൈശാഖും മറ്റൊരാളുമാണ് മരിച്ചതെന്നാണ് വിവരം. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. സംഭവസമയത്ത് പരിസരത്തുണ്ടായിരുന്ന ഒറ്റപ്പാലം പൊലീസിൻ്റെ പട്രോളിങ് സംഘം സ്ഥലത്തെത്തി. രണ്ടുപേരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. രണ്ടുപേർ കാറിനകത്ത് കുടുങ്ങിപ്പോയി.
മറ്റൊരാൾ കാറിൽനിന്ന് പുറത്തേക്ക് തെറിച്ചുപോയതായാണ് വിവരം. ഇയാളുടെ പരിക്ക് സാരമുള്ളതല്ല. പൊലീസ് ഷൊർണൂർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അഗ്നിരക്ഷാസേനയെത്തി അരമണിക്കൂറിലേറെ പരിശ്രമിച്ചാണ് കാറിൽക്കുടുങ്ങിയ രണ്ടുപേരെ പുറത്തെടുത്തത്. പരിക്കേറ്റവരെ വാണിയംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.