NEWS MALAYALAM 24X7  
KERALA

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനും രോഗം സ്ഥിരീകരിച്ചു

മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇരുവരും ചികിത്സയിലുള്ളത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: അമിബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ട് പേര്‍ കൂടി ചികിത്സയില്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇരുവരും ചികിത്സയിലുള്ളത്. കുളത്തൂര്‍ സ്വദേശിയായ യുവാവിനും താമരശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

ജില്ലയില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കുഞ്ഞിന് രോഗം ബാധിച്ചതെങ്ങനെ എന്ന് കണ്ടെത്താന്‍ പരിശോധന നടത്തും. കുഞ്ഞിന് രോഗം ബാധിച്ചത് വീട്ടിലെ കിണറ്റില്‍ നിന്നാണെന്ന് സംശയിക്കുന്നത്.

ചതുപ്പ് നിലത്തോട് ചേര്‍ന്ന സ്ഥലത്താണ് കിണര്‍. കിണര്‍ നിലവില്‍ വറ്റിച്ചിരിക്കുകയാണ്. സമീപത്തെ കിണറുകളിലെ ജലം പരിശോധനയ്ക്കയച്ചിട്ടുണ്ട്.

രോഗാണു തലച്ചോറിലേക്ക് പ്രവേശിച്ച് മസ്തിഷ്‌ക മരണത്തിന് കാരണമാകുന്ന ഗുരുതരമായ രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് അഥവാ, നെയ്‌ഗ്ലേറിയ ഫൗളറി. ഉയര്‍ന്ന താപനിലയില്‍ മാത്രം അതിജീവിക്കുന്ന അമീബ, കെട്ടിക്കിടക്കുന്ന വെള്ളം, വൃത്തിയാക്കാത്ത സ്വിമ്മിങ് പൂളുകള്‍, തടാകങ്ങള്‍, നദികള്‍ എന്നിവിടങ്ങളിലാണ് ഉണ്ടാവുക. ഇത്തരം വെള്ളത്തില്‍ കുളിക്കുന്നതിനിടെ രോഗാണുക്കള്‍ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ ശരീരത്തില്‍ പ്രവേശിക്കും. ഇവ തലച്ചോറിനെ കാര്‍ന്നുതിന്നും. പിന്നീട് മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കും.

പ്രാരംഭ ഘട്ടത്തില്‍ പനി, തലവേദന, ഛര്‍ദി, അപസ്മാരം, കാഴ്ചമങ്ങല്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. പിന്നീട്, രോഗിയുടെ കഴുത്ത് വലിഞ്ഞു മുറുകുകയും അപസ്മാരം അനുഭവപ്പെടുകയും കോമയിലേക്ക് വഴുതി വീഴുകയും ചെയ്യുന്നു. നെയ്‌ഗ്ലേറിയ ഫൗളറി അപൂര്‍വരോഗ ഗണത്തില്‍പെട്ടതാണെങ്കിലും മരണനിരക്ക് 97 ശതമാനത്തോളമാണ്. തുടക്കത്തില്‍ തന്നെ രോഗകാരണം സ്ഥിരീകരിക്കാന്‍ സാധിക്കാത്തതാണ് മരണസാധ്യത വര്‍ധിപ്പിക്കുന്നത്.

കുട്ടികളിലും കൗമാരക്കാരിലുമാണ് കൂടുതലായും രോഗം സ്ഥിരീകരിക്കുന്നത്. രോഗം ഒരാളില്‍ നിന്നും വേറൊരാളിലേക്ക് പകരില്ലെന്നാണ് റിപ്പോര്‍ട്ട്. ക്ലോറിനേഷന്‍ നടത്തുകയാണ് പ്രധാനമായും ചെയ്യേണ്ടത്. വീടിന് പുറമേ മറ്റു ജലാശയങ്ങളില്‍ കുളിക്കുമ്പോള്‍ വെള്ളം കുടിച്ചതു കൊണ്ട് രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കണമെന്നില്ല. പ്രധാനമായും മൂക്കിലൂടെയാണ് രോഗാണു പ്രവേശിക്കുന്നത്. രോഗം വരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുകയെന്നതാണ് പ്രതിരോധം.

SCROLL FOR NEXT