കണ്ണൂർ: കൂത്തുപറമ്പ് സ്‌ട്രോങ് റൂമിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് മാറ്റിയതില്‍ ദുരൂഹത ആരോപിച്ച് യുഡിഎഫ് സ്ഥാനാർഥി ജയന്തി രാജന്‍. സ്ഥാനാർഥിയുടെ ഏജൻ്റ് എത്തും മുമ്പെ ഹാർഡ് ഡിസ്ക് മാറ്റിയെന്നും, ഹാർഡ് ഡിസ്ക് മാറ്റിയ സമയത്തെ വിഷ്വൽ കട്ടാണ് എന്നും ജയന്തി രാജൻ പറഞ്ഞു.
എന്തുകൊണ്ട് കൂത്തുപറമ്പിലും തലശേരിയിലും മാത്രം ഹാർഡ് ഡിസ്ക് മാറ്റേണ്ടി വരുന്നു എന്നത് സംശയം ഉണ്ടാക്കുന്നെന്നും ജയന്തി രാജൻ ആരോപിച്ചു. സംഭവത്തിൽ ചീഫ് ഇലക്ഷൻ ഓഫീസർ, ജില്ലാ കളക്ടർ, റിട്ടേണിങ് ഓഫീസർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ജയന്തി രാജൻ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകളിലെ സിസിടിവി ഹാർഡ് ഡിസ്ക് മാറ്റണം എന്ന് റിട്ടേണിങ് ഓഫീസർ അറിയിച്ചത്. സ്ഥാനർഥികൾ ഉടൻ സ്ട്രോങ് റൂമിൽ എത്തണമെന്ന് അറിയിപ്പും നൽകിയിരുന്നു. ഡിസ്കിൻ്റെ റെക്കോഡിങ് കപ്പാസിറ്റി തീരുന്നുവെന്നാണ് റിട്ടേണിങ് ഓഫീസറുടെ വിശദീകരണം. മതിയായ കപ്പാസിറ്റി ഇല്ലാത്ത ഹാർഡ് ഡിസ്കാണോ വെച്ചതെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു.