തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷവും യുഡിഎഫിന് കീറാമുട്ടിയായി സീറ്റ് വിഭജനം. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി നടന്ന സീറ്റ് ചര്‍ച്ചയില്‍ ഇനിയും തീരുമാനമായില്ല. ഇടുക്കി സീറ്റില്‍ പി.ജെ. ജോസഫ് വിട്ടുവീഴ്ച ചെയ്യുമെന്നാണ് സൂചന. കോണ്‍ഗ്രസ്-മുസ്‌ലിം ലീഗ് ചര്‍ച്ചകളിലും ധാരണയിലെത്താന്‍ കഴിയാത്തതിനാല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ഇടത് സ്ഥാനാര്‍ഥികള്‍ കളം നിറയുമ്പോള്‍, യുഡിഎഫിന് സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ കഴിയാത്തതില്‍ അണികളും അമര്‍ഷത്തിലാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഒരു മണിക്കൂര്‍ തികയും മുന്‍പേ ഇടത് സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിന് ഇറങ്ങിയെങ്കിലും, യുഡിഎഫില്‍ സീറ്റ് വിഭജനം ഇനിയും പൂര്‍ത്തിയായിട്ടില്ല. കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം-മുസ്‌ലിം ലീഗ് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അന്തിമ ധാരണയിലെത്താന്‍ കഴിഞ്ഞില്ല. ജോസഫ് വിഭാഗത്തില്‍ നിന്ന് ഇടുക്കിയും ഏറ്റുമാനൂരും വേണമെന്നുള്ള നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ഒരുതരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് ജോസഫ് വിഭാഗത്തെ അറിയിക്കുകയും ചെയ്തു. പകരം പൂഞ്ഞാര്‍ നല്‍കാനാണ് ആലോചന. എന്നാല്‍ നിലവിലെ 10 സീറ്റുകളും കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടെന്ന് പി.ജെ. ജോസഫ് പറഞ്ഞു.
പൂഞ്ഞാറില്‍ സംഘടനാ സംവിധാനം ഇല്ലെന്നും ഏറ്റുമാനൂര്‍ വിട്ടുനല്‍കില്ലെന്നും ജോസഫ് വിഭാഗം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വിജയ സാധ്യതയുള്ള രണ്ട് സീറ്റുകള്‍ എടുക്കുന്നത് മര്യാദ അല്ലെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. ഇടുക്കി സീറ്റില്‍ പി.ജെ. ജോസഫ് വിട്ടുവീഴ്ച ചെയ്യുമെന്നാണ് സൂചന.
അതേസമയം കുട്ടനാട് സീറ്റ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ശക്തമാക്കുകയാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം. സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാനും, സീറ്റ് മാറ്റത്തിലെ കോണ്‍ഗ്രസ് നിര്‍ദേശം ചര്‍ച്ച ചെയ്യാനുമായി മുസ്ലിം ലീഗ് ഉന്നതാധികാര സമിതി മലപ്പുറത്ത് ചേരുകയാണ്.
27 മണ്ഡലങ്ങളില്‍ മത്സരിക്കുന്ന ലീഗില്‍ 17 ഇടത്ത് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഒന്നിലേറെ പേരുള്ള മണ്ഡലങ്ങളില്‍ അന്തിമ ധാരണയിലെത്താനുണ്ട്. ഏതെല്ലാം വനിതാ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കണം എന്നതിലും ഇന്ന് തീരുമാനമാകും. തിരുവമ്പാടി സീറ്റ് ലീഗ് വിട്ടു നല്‍കാന്‍ തയ്യാറായെങ്കിലും പകരം നല്‍കേണ്ട പട്ടാമ്പി സീറ്റില്‍ കോണ്‍ഗ്രസ് അനുകൂല നിലപാടല്ല സ്വീകരിച്ചത്. അതുകൊണ്ട് തിരുവമ്പാടി മാത്രം വിട്ടു നല്‍കേണ്ടതുണ്ടോയെന്നും യോഗം ചര്‍ച്ച ചെയ്യും.
ഇന്നോ നാളെയോ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചില്ലെങ്കില്‍ പ്രചാരണത്തിന്റെ ആദ്യ ലാപ്പില്‍ പിന്നിലാകുമെന്ന ആശങ്ക നേതാക്കള്‍ക്കും അണികള്‍ക്കും ഒരുപോലെ ഉണ്ട്. അത് കൊണ്ട് തന്നെ ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് യുഡിഎഫ് നീക്കം.