തിരുവനന്തപുരം: ബാർ ലൈസൻസിനായുള്ള ക്ലാസിഫിക്കേഷനിൽ ഇളവ് വരുത്തിയ ഇടതു സർക്കാർ നയത്തെ പിന്തുണച്ച് യുഡിഎഫ് സർക്കാരും. മുൻ ഇടത് സർക്കാർ സ്വീകരിച്ചത് ഭരണപരമായ ക്രമീകരണമെന്നാണ് ഹൈക്കോടതിയിൽ സർക്കാർ നൽകിയ സത്യവാങ് മൂലത്തിൽ വ്യക്തമാക്കുന്നത്. നികുതി വകുപ്പിൻ്റെ സത്യവാങ്മൂലം എക്സൈസ് വകുപ്പുമായി ആലോചിച്ചെന്ന് മന്ത്രി എം. ലിജു പറഞ്ഞു. ക്ലാസിഫിക്കേഷന്‍ ലഭിക്കാത്ത ബാറുകള്‍ക്ക് ലൈസൻസ് പുതുക്കി നൽകിയ ഇടത് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മദ്യവിരുദ്ധ സമിതി നൽകിയ ഹർജിയിലാണ് സർക്കാരിൻ്റെ സത്യവാങ്മൂലം.
ബാർ ലൈസൻസുമായി ബന്ധപ്പെട്ട വിവാദങ്ങളിലെ പ്രതിസന്ധി ഇതുവരെയും സർക്കാരിനെ വിട്ടൊഴിഞ്ഞിട്ടില്ല. അതിനിടയിലാണ് മദ്യനയവുമായി ബന്ധപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങൾ പുതിയ വിവാദത്തിന് തുടക്കമിടുന്നത്. ക്ലാസിഫിക്കേഷൻ ലഭിക്കാത്ത ഹോട്ടലുകൾക്കും ബാർ ലൈസൻസ് പുതുക്കി നൽകാമെന്ന ഇടത് സർക്കാർ നയത്തിന് അനുകൂല നിലപാടാണ് യുഡിഎഫ് കോടതിയിൽ സ്വീകരിച്ചത്. കേന്ദ്ര സർക്കാരിൻ്റെ ക്ലാസിഫിക്കേഷൻ പരിശോധന വൈകുന്നതിനാൽ ഹോട്ടൽ വ്യവസായം പ്രതിസന്ധി നേരിടുന്ന സാഹചര്യമുണ്ടായി.
തുടർന്ന് എം.ബി. രാജേഷ് എക്സൈസ് വകുപ്പ് മന്ത്രിയായിരുന്ന കാലയളവിൽ ഏർപ്പെടുത്തിയ ഭരണപരമായ ക്രമീകരണം മാത്രമാണ് ക്ലാസിഫിക്കേഷനിൽ ഇളവ് അനുവദിക്കൽ എന്നാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. എന്നാൽ വകുപ്പിലെ മറ്റു വിവാദങ്ങളെ പോലെ ഇതും മന്ത്രി അറിഞ്ഞിരുന്നില്ലെന്ന പതിവിന് ഇത്തവണ മാറ്റമുണ്ട്. ക്ലാസിഫിക്കേഷന്‍ ലഭിക്കാത്ത ബാറുകള്‍ക്ക് ലൈസൻസ് പുതുക്കി നൽകിയ ഇടത് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മദ്യവിരുദ്ധ സമിതിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിലാണ് കഴിഞ്ഞ സെപ്റ്റംബർ 29ന് നികുതി വകുപ്പ് അഡീഷണൽ സെക്രട്ടറി സത്യവാങ്മൂലം സമർപ്പിച്ചത്.
അതേസമയം എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിന്നും സാംബശിവ റാവുവിനെ മാറ്റിയതിലുള്ള പ്രതിപക്ഷ വിമർശനം തുടരുകയാണ്. സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് യുഡിഎഫ് സർക്കാരിൽ സ്ഥാനമില്ലെന്നാണ് ഇടതുപക്ഷത്തിൻ്റെ വിമർശനം. വിവാദങ്ങൾ ഒരു വശത്ത് ഉയരുമ്പോഴും വകുപ്പുതല നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. മുൻ എക്സൈസ് കമ്മീഷണർ സാംബശിവ റാവു കൈമാറിയ റിപ്പോർട്ടിന്മേൽ വിജിലൻസ് അന്വേഷണത്തിനുള്ള ഉത്തരവ് ഇന്നുണ്ടായേക്കും. നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായി നടത്തുന്ന ചർച്ചകൾക്ക് ശേഷം ഏതൊക്കെ വിഷയങ്ങളിൽ അന്വേഷണം വേണമെന്ന് കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും. സ്ഥാനമൊഴിഞ്ഞ എക്സൈസ് കമ്മീഷണർ സാംബശിവ റാവുവിന്റെ പകരക്കാരനെയും വൈകാതെ ചുമതലപ്പെടുത്തുമെന്നാണ് സൂചന.