KERALA

അതിവേഗ റെയിൽപ്പാത; ഇ. ശ്രീധരൻ്റെ റിപ്പോർട്ട് പരിശോധിച്ച് സർക്കാർ, രണ്ടാഴ്ചയ്ക്കകം മന്ത്രിസഭ തീരുമാനം

പാരിസ്ഥിതികാഘാത പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ട് പോയാൽ എതിർക്കുമെന്നും വീണ്ടും സമരം കാണേണ്ടി വരുമെന്നും സമരസമിതി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം; മെട്രോമാൻ ഇ. ശ്രീധരന്റെ അതിവേഗ റെയിൽപ്പാത പദ്ധതിയോട് യുഡിഎഫ് സർക്കാറിന് അനുകൂല സമീപനം. ഡിപിആർ പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം പദ്ധതിയിൽ മന്ത്രിസഭ തീരുമാനമെടുക്കും. അധികാരത്തിൽ നിന്ന് പോയെന്ന് കരുതി പദ്ധതിയെ എതിർക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. എന്നാൽ പാരിസ്ഥിതികാഘാത പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ട് പോയാൽ എതിർക്കുമെന്നും വീണ്ടും സമരം കാണേണ്ടി വരുമെന്നും സമരസമിതി മുന്നറിയിപ്പ് നൽകി .

തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 23 സ്റ്റേഷനുകൾ . 473.20 കിലോമീറ്റർ നീളമുള്ള കെഎച്ച്എസ്ആർ ഇരട്ട പാത. പാത ബന്ധിപ്പിക്കുന്നത്, കണ്ണൂർ ഒഴികെയുള്ള കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളെയാണ്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള ആകെ യാത്രാ സമയം മൂന്നര മണിക്കൂർ . 800 പേർക്ക് ഇരിക്കാവുന്ന 12 കോച്ചുകളുള്ള ട്രെയിനുകൾ . പരമാവധി വേഗം മണിക്കൂറിൽ 200 കിലോമീറ്റർ മെട്രോമാൻ ഇ.ശ്രീധരന്റെ അതിവേഗ റെയിൽപ്പാതയുടെ പ്രധാന സവിശേഷതകൾ ഇവയെല്ലാമാണ് .

മുൻ എൽ ഡി എഫ് സർക്കാർ മുന്നോട്ട് വെച്ച സിൽവർ ലൈൻ ഉപേക്ഷിച്ചതോടെ ബദൽ പദ്ധതിയ്ക്കുള്ള ശ്രമത്തിലാണ് യുഡിഎഫ് സർക്കാർ. ഇ ശ്രീധരൻ്റെ പദ്ധതിയോട് അനുകൂല സമീപനമാണ് സർക്കാരിനുള്ളത്. സ്ഥലമേറ്റെടുക്കൽ കുറവായത് നേട്ടമെന്നാണ് വിലയിരുത്തൽ. ഡിപിആർ പരിശോധിച്ച് ബദൽ റിപ്പോർട്ട് സർക്കാർ കേന്ദ്രത്തിന് നൽകുമെന്നാണ് സൂചന. സർക്കാർ പിന്തുണ ലഭിച്ചാൽ കേന്ദ്ര അനുമതി എളുപ്പമാകുമെന്ന വിലയിരുത്തലിലാണ് ഡിഎംആർസി.

അതിവേഗ റെയിൽ പദ്ധതിയെ എതിർക്കേണ്ടെന്ന നിലപാടിലാണ് സിപിഐഎം. പദ്ധതി വേണം എന്നതാണ് പാർട്ടി നിലപാടെന്നും അധികാരത്തിൽ നിന്ന് പോയെന്ന് കരുതി പദ്ധതി വേണ്ടെന്ന് പറയില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു എന്നാൽ പാരിസ്ഥിതിക ആഘാത പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ടുപോകരുതെന്ന നിലപാടിലാണ് കെ റെയിൽ വിരുദ്ധ സമരസമിതി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽകണ്ട് ഇ ശ്രീധരൻ പദ്ധതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഡിപിആർ തയ്യാറാക്കിയെങ്കിലും മണ്ണ് പരിശോധനയും ഭൂമിയുടെ അളവെടുക്കലും പൂർത്തിയാക്കണമെങ്കിൽ സർക്കാർ പിന്തുണ ആവശ്യമാണ്. 86,000 കോടി രൂപയാണ് നിലവിൽ പദ്ധതിക്കായി പ്രതീക്ഷിക്കുന്ന നിർമാണ ചെലവ്.

SCROLL FOR NEXT