മന്ത്രി ഇല്ലാത്ത നിരാശയിൽ കാസർഗോഡ് 
KERALA

മന്ത്രി ഇല്ലാത്ത നിരാശയിൽ കാസർഗോഡ്; യുഡിഎഫ് മികച്ച നേട്ടം ഉണ്ടാക്കിയിട്ടും പരിഗണിച്ചില്ലെന്ന് ജില്ലാ നേതൃത്വം

വൻ വിജയം നേടിയ കാസർഗോഡ് ജില്ലയിൽ നിന്ന് മന്ത്രി ഇല്ലാത്ത നിരാശയിൽ പ്രാദേശിക നേതാക്കൾ

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: വി.ഡി. സതീശൻ മന്ത്രിസഭയിൽ കാസര്‍ഗോഡിന് പ്രാതിനിധ്യം ലഭിക്കാത്തതിൽ ജില്ലയിലെ യുഡിഎഫ് പ്രവർത്തകർക്ക് നിരാശ. രണ്ട് പതിറ്റാണ്ടിന് ശേഷം ജില്ലയിൽ മന്ത്രി ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവർത്തകർ.

എന്നാൽ മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്‌റഫ് മന്ത്രിസഭയിലെത്തുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും, രണ്ടാം ടേമില്‍ പരിഗണനാ പട്ടികയില്‍ പോലും പേരുണ്ടായില്ല. ഇതോടെ യുഡിഎഫിൻ്റെ പ്രാദേശിക നേതാക്കൾ വലിയ അതൃപ്തിയിലാണ്.

മുസ്ലിം ലീഗ് അഞ്ച് മന്ത്രിമാരെ പ്രഖ്യാപിച്ചപ്പോള്‍, ലീഗിന് ശക്തമായ സ്വാധീനമുള്ള ജില്ലയില്‍ നിന്നും ആരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. മഞ്ചേശ്വരം എംഎല്‍എ എ.കെ.എം.അഷ്‌റഫിന് മന്ത്രി സ്ഥാനം ലഭിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും പിന്നീട് പട്ടികയില്‍ പോലും ഉൾപ്പെടുത്താത്തതിൽ കടുത്ത അതൃപ്തിയിലാണ് നേതാക്കൾ. ജില്ലയിലെ ആരോഗ്യ മേഖലയിൽ ഉൾപ്പെടെയുള്ള അനിശ്ചിതത്വം പരിഹരിക്കാൻ ജില്ലയ്ക്ക് സ്വന്തമായി മന്ത്രി ഉണ്ടാകുന്നത് ഗുണകരമാകും എന്നായിരുന്നു നിരീക്ഷണം.

യുഡിഎഫ് മന്ത്രിസഭയില്‍ അവസാനമായി കാസര്‍ഗോഡ് നിന്നും മന്ത്രി വന്നിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. 2001 മുതല്‍ 2004 വരെ എ.കെ.ആൻ്റണി മന്ത്രിസഭയില്‍ തദേശ വകുപ്പു മന്ത്രിയായ ചെര്‍ക്കളം അബ്ദുള്ളയാണ് അവസാനമായി യുഡിഎഫ് മന്ത്രിസഭയിലെത്തിയ അവസാനത്തെയാൾ. അതിനു മുന്‍പ് 1991 മുതല്‍ 95 വരെ മന്ത്രിസഭയില്‍ തദ്ദേശവകുപ്പും 1995-96 വരെ പിഡബ്ല്യുഡി വകുപ്പും കൈകാര്യം ചെയ്തിരുന്നത് സി.ടി. അഹമ്മദലിയാണ്.

2016 - 21 എല്‍ഡിഎഫ് മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ഇ. ചന്ദ്രശഖരനാണ് അവസാനമായി ജില്ലയ്ക്കു ലഭിച്ച മന്ത്രി. ആരോഗ്യ-വിദ്യാഭ്യാസ, ടൂറിസം മേഖലകളിലുള്‍പ്പെടെ കാസര്‍കോട് നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ജില്ലയില്‍ നിന്നൊരു മന്ത്രിയുണ്ടാകുമെന്ന പ്രതീക്ഷ ഇല്ലാതായതോടെ കാസര്‍കോട് ജില്ലയിലുള്ളവര്‍ ഇത്തവണയും കടുത്ത നിരാശയിലാണ്.

SCROLL FOR NEXT