Source: Sabha TV
KERALA

ഡയസിലേക്ക് ചാടിക്കയറി അൻവർ സാദത്ത്, സ്പീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്തി പ്രതിപക്ഷം; നിയമസഭയിൽ നാടകീയ രംഗങ്ങൾ

കവല ചട്ടമ്പിമാരാണോ ഇത് എന്നാണ് ഡി.കെ. മുരളി എംൽഎ ചോദിച്ചത്

Author : ശാലിനി രഘുനന്ദനൻ

തിരുവനന്തപുരം: സ്വർണക്കൊള്ളയിൽ ഇന്നും പ്രക്ഷുബ്ദമായി നിയമസഭ. സ്പീക്കറുടെ മുഖം മറച്ചുകൊണ്ട് ബാനർ വലിച്ചുയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. കോൺഗ്രസ് എംഎൽഎ അൻവർ സാദത്ത് ഡയസിൽ ചാടിക്കയറി. സഭ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ നേതാവ് സഭ ബഹിഷ്കരിക്കുന്നുവെന്ന് പറയുകയായിരുന്നു. തുടർന്ന് മുദ്രാവാക്യങ്ങളുയർത്തി പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി.

ചോദ്യോത്തര വേള മുതൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു. നിയമസഭയിൽ ഇന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകേണ്ടെന്നും പ്രതിപക്ഷം തീരുമാനമെടുത്തു. അതേസമയം, പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമെന്നും പ്രതിപക്ഷത്തിന്റേത് സമരാഭാസമെന്നും ഭരണപക്ഷം ആരോപിച്ചു.

സ്വർണക്കൊള്ളയിൽ പ്രതികൾ സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങുകയാണ്. പ്രതികൾക്ക് പുറത്തിറങ്ങാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദമാണ് എസ്ഐടി ഇങ്ങനെ നീങ്ങാൻ കാരണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സഭയുടെ നടുത്തളത്തിൽ പ്രതിപക്ഷ സമരം തുടങ്ങിയതോടെ ഭരണപക്ഷ അംഗങ്ങളും നേരിടാൻ മുന്നോട്ടുവന്നു. പ്രതിപക്ഷ സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

എന്ത് അതിക്രമമാണ് കാണിക്കുന്നത്? സ്പീക്കറുടെ ഡയസ് മറയ്ക്കുന്നു. സ്പ്രിൻക്ലറിൽ കിട്ടിയ തിരിച്ചടി പോരേയെന്നും എം.ബി. രാജേഷ് ചോദിച്ചു. കവല ചട്ടമ്പിമാരാണോ ഇതെന്നാണ് ഡി.കെ. മുരളി എംഎൽഎ ചോദിച്ചത്. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്. പ്രതിപക്ഷം ജനാധിപത്യത്തെ വെല്ലുവിളിക്കുന്നു. നാടിനെ തന്നെ അപമാനപ്പെടുത്തുന്ന യുഡിഎഫിനെ ജനങ്ങൾ തള്ളിക്കളയുമെന്നും ഡി.കെ. മുരളി പറഞ്ഞു.

SCROLL FOR NEXT