വെൽഫെയർ പാർട്ടി ഓഫീസ് Source: News Malayalam 24x7
KERALA

കോഴിക്കോട് വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ യുഡിഎഫ്; ജില്ലാ പഞ്ചായത്തിൽ സീറ്റ് നൽകില്ല

വെൽഫെയർ പാർടിയുമായുള്ള ബന്ധം രാഷ്ട്രീയമായി തിരിച്ചടിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ച് യുഡിഎഫ് ജില്ലാ നേതൃത്വം. ജില്ലാ പഞ്ചായത്തിലേക്കുളള സീറ്റ് വിഭജനത്തിൽ വെൽഫെയർ പാർട്ടിക്ക് സീറ്റ് നൽകില്ല . വെൽഫെയർ പാർടിയുമായുള്ള ബന്ധം രാഷ്ട്രീയമായി തിരിച്ചടിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം.

എൽഡിഎഫ്-എൻഡിഎ വിമർശനങ്ങൾക്ക് പുറമെ, സമസ്ത ഉൾപ്പടെയുള്ള സംഘടനകളും എതിർപ്പുമായി രംഗത്ത് വന്നതിന് പിന്നാലെയാണ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയ്ക്ക് സീറ്റ് നൽകേണ്ടതില്ലെന്ന് യുഡിഎഫ് കോഴിക്കോട് ജില്ലാ നേതൃത്വം തീരുമാനിച്ചത്. കഴിഞ്ഞ തവണ കുറ്റ്യാടി ഡിവിഷൻ സീറ്റ് വെൽഫെയർ പാർടിക്ക് നൽകിയിരുന്നു. എന്നാൽ ഇത്തവണ ഇവിടെ കോൺഗ്രസോ, ലീഗോ മത്സരിക്കാനാണ് തീരുമാനം.

കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ 28 ഡിവിഷനുകളിൽ 14 സീറ്റുകളിൽ കോൺഗ്രസും, 11 സീറ്റുകളിൽ ലീഗും മത്സരിക്കും. സിഎംപി, ആർഎംപി, കേരള കോൺഗ്രസ് എന്നീ പാർട്ടികൾക്ക് ഓരോ സീറ്റ് നൽകാനും ജില്ലാ നേതൃത്വം തീരുമാനിച്ചു.

വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം രാഷ്ട്രീയ വോട്ടുകൾ ലഭിക്കുന്നതിന് തിരിച്ചടിയാകുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. ഇതേതുടർന്നാണ് വെൽഫെയർ പാർട്ടിയുമായി ഒരു സീറ്റിലും ബന്ധം വേണ്ടെന്ന് ജില്ലാ നേതൃത്വം തീരുമാനമെടുത്തത്. എന്നാൽ പഞ്ചായത്തുകളിലും, നഗരസഭകളിലും ധാരണ ഉണ്ടാകുമോ എന്ന കാര്യത്തിൽ ജില്ലാ നേതൃത്വം വ്യക്തത വരുത്തിയിട്ടില്ല.

SCROLL FOR NEXT